'കോഴയോ ക്രമക്കേടോ നടന്നിട്ടില്ല'; പെട്രോൾ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി, ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍

എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന്റെ ഫയല്‍ വൈകിപ്പിച്ചിട്ടില്ല
naveen babu
നവീന്‍ ബാബുഫയൽ
Updated on
1 min read

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയ വിഷയത്തില്‍ കോഴയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് റവന്യൂ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തല്‍. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ, എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസ് സര്‍ക്കാരിന് കൈമാറും.

എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന്റെ ഫയല്‍ വൈകിപ്പിച്ചിട്ടില്ല. എഡിഎം കൈക്കൂലി വാങ്ങിയെന്നതിനും തെളിവില്ല. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ടൗണ്‍ പ്ലാനിങ് റിപ്പോര്‍ട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. എഡിഎം പെട്രോള്‍ പമ്പിന് അനുമതി നല്‍കിയത് നിയമപരമായിട്ടാണെന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു. അതേസമയം, പി പി ദിവ്യ റവന്യൂ വകുപ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. പൊലീസിനും പി പി ദിവ്യയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബു മരിച്ചിട്ട് ഇന്ന് ഒരാഴ്ച പൂര്‍ത്തിയായി. നവീന്‍ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പരിയാരം ഗവ മെഡിക്കൽ കോളേജിൽ ജീവനക്കാരനായിരിക്കെ ടി വി പ്രശാന്ത് പെട്രോൾ പമ്പിന് അപേക്ഷ നൽകിയതിൽ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇന്നെത്തും. ആരോ​ഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com