

തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവു കൊണ്ടുവരാൻ സർക്കാർ. വാഹന ഇൻഷുറൻസിൽ നോൺ-വയലേഷൻ ബോണസ് നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. എഐ കാമറകൾ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് വിലപ്പെട്ട നിരവധി മനുഷ്യജീവൻ രക്ഷിക്കാനായതിനോടൊപ്പം ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവർക്ക് പെനാൽറ്റിയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടും. ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്താനും നിർദ്ദേശിക്കും.
അപകടമുണ്ടായ ഉടനെ നൽകേണ്ട ഗോൾഡൻ അവർ ട്രീറ്റ്‌മെന്റിന്റെ ചെലവുകൾ വഹിക്കുന്നതിനും ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം സംഘടിപ്പിക്കാനും റോഡരികുകളിൽ സൈൻ ബോർഡ് സ്ഥാപിക്കുന്നതിനും ഇൻഷുറൻസ് കമ്പനികളോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സെപ്റ്റംബർ മൂന്നാം വാരം ഇൻഷുറൻസ് കമ്പനി മേധാവികളുടെയും ഐആർഡിഎ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates