'നോർക്ക കെയർ ഇൻഷുറൻസ്; സർക്കാർ സംസാരിക്കുന്നത് സ്വകാര്യ കമ്പനികളുടെ ഭാഷയിൽ'

യുഡിഎഫ് നയത്തിനെതിരെ തുറന്നടിച്ച് പിണറായി വിജയൻ
Pinarayi Vijayan
Pinarayi Vijayanഫയൽ/ എക്സ്പ്രസ്
Edited By:
Updated on: 
2 min read

തിരുവനന്തപുരം: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകാത്തത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുദ്ധാന്തരീക്ഷവും കാരണം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് നിലവിലുണ്ടായിരുന്ന സഹായം പോലും ഇല്ലാതാക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.

അഞ്ചു ലക്ഷം രൂപയുടെ ഫാമിലി ഫ്‌ളോട്ടര്‍ പോളിസി പ്രീമിയം 13,411 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 35,664 രൂപ മുതല്‍ 77,773 രൂപ വരെയായാണ് ഉയര്‍ത്തിയിരിക്കുന്നത്. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികള്‍ക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ നിരക്ക് വര്‍ധന താങ്ങാനാവാത്ത വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ നിയമസഭയിൽ ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായില്ലെന്നും പ്രവാസി സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നിഷേധാത്മകമായ സമീപനം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി വിജയൻറെ പോസ്റ്റിൻറ പൂർണ്ണ രൂപം:

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ച തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്ന പ്രവാസികൾക്ക് നിലവിലുണ്ടായിരുന്ന സഹായവും ഇല്ലാതാക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ നിയമസഭയിൽ ചർച്ചക്ക് പോലും തയ്യാറാകാത്ത സർക്കാർ പ്രവാസി സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നിഷേധാത്മക സമീപനം തുടരുകയാണ്.

5 ലക്ഷം രൂപയുടെ ഫാമിലി ഫ്‌ലോട്ടര്‍ പോളിസി പ്രീമിയം 13,411 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 35,664 രൂപ മുതല്‍ 77,773 രൂപ വരെയായാണ് ഉയര്‍ത്തിയിരിക്കുന്നത്. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ സാധാരണ പ്രവാസികള്‍ക്കും, പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ നിരക്ക് വര്‍ധന താങ്ങാനാവാത്ത ബാധ്യതയായി മാറിയിരിക്കുന്നു.

വലിയ തുക ക്ലെയിം വന്നതിനാൽ ഇൻഷുറൻസ് കമ്പനികൾ പഴയ കരാർ തുടരാൻ തയ്യാറാകുന്നില്ലെന്ന ന്യായമാണ് സർക്കാർ ഉന്നയിക്കുന്നത്. രോഗാവസ്ഥയിലുള്ളവർക്കും ഇൻഷുറൻസിൽ ചേരാനുള്ള പ്രൊവിഷൻ കഴിഞ്ഞ സർക്കാർ നോർക്ക കെയർ സ്കീമിൽ ഉൾക്കൊള്ളിച്ചിരുന്നു. സാമ്പത്തിക പ്രയാസം നേരിടുന്ന പാവപ്പെട്ട പ്രവാസി സഹോദരങ്ങൾക്കും കുടുംബാംഗങ്ങൾക്കും വലിയ ആശ്വാസം നൽകിയ ആ തീരുമാനമാണ് പ്രശ്നമെന്ന് പറയുന്ന സർക്കാർ, സ്വകാര്യ കമ്പനികളുടെ ഭാഷയിലാണ് സംസാരിക്കുന്നത്.

കമ്പനികളുമായി ചർച്ച നടത്തി ഗുണഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുവരുത്തേണ്ട സർക്കാർ അവരുടെ താല്പര്യങ്ങൾക്കു മുന്നിൽ കീഴങ്ങിയിരിക്കുകയാണ്. നിശ്ചയിച്ച പ്രീമിയം റേറ്റ് വർദ്ധനവ് താങ്ങാൻ കഴിയുന്നതിലും അധികമാണെന്ന പൊതുവികാരമാണ് പ്രവാസി സമൂഹത്തിന്. ഇത് ഈ പദ്ധതിയെ തന്നെ തകിടം മറിക്കും. നിരക്ക് കുറച്ച് പുനക്രമീകരിക്കക്കണമെന്ന അവരുടെ ന്യായമായ ആവശ്യം സർക്കാർ പരിഗണിക്കണം.

ക്ഷേമ പദ്ധതികളെ ലാഭനഷ്ടക്കണക്കുകൾ പറഞ്ഞ് സാധാരണക്കാർക്ക് നിഷേധിക്കുന്ന യുഡിഎഫ് നയം പ്രവാസികളെ നിലവിലെ അവസ്ഥയിൽ വലിയ പ്രതിസന്ധിയിൽ ആക്കുകയാണ്. ക്ഷേമ പെൻഷനും മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. ഈ സമീപനം തിരുത്തി എത്രയും പെട്ടെന്ന് പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER