

തിരുവനന്തപുരം: വിദേശത്തെ തൊഴിലവസരം അടക്കം നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക. നിക്ഷേപ അവസരങ്ങൾ, മണി ചെയിൻ, സ്റ്റുഡന്റ് വിസാ ഓഫറുകൾ, സന്ദർശനവിസ തുടങ്ങിയ പേരുകളിൽ വ്യാജ പരസ്യങ്ങളിലൂടെ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നെന്ന പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. വിദേശമന്ത്രാലയത്തിന്റെ ഇ–- മൈഗ്രേറ്റ് പോർട്ടൽ (https://emigrate.gov.in) മുഖേന റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് അംഗീകാരമുണ്ടോ എന്ന് പരിശോധിക്കാം.
പരസ്യങ്ങളിൽ ഏജൻസികളുടെ റിക്രൂട്ട്മെന്റ് ലൈസൻസ് നമ്പർ പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ട്. ഏജൻസികളുടെ എല്ലാ ബ്രാഞ്ചുകൾക്കും പ്രത്യേക ലൈസൻസും വേണം. പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുകൾക്ക് അംഗീകൃത ഏജൻസികൾക്കും കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമായതിനാൽ ഇതും ഇ–-- മൈഗ്രേറ്റ് പോർട്ടലിലൂടെ ഉറപ്പാക്കാം. കരിമ്പട്ടികയിലുള്ള ഏജൻസികളുടെ വിവരവും പോർട്ടലിലുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും പ്രവർത്തിക്കുന്ന വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) ഓഫീസുകളിൽ നേരിട്ടോ ഫോൺ മുഖേനയോ പരസ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാം. വിവരങ്ങൾ സ്ഥിരീകരിച്ച ശേഷമേ പണമിടപാടുകൾ (നിയമാനുസൃതമായ ഫീസ് മാത്രം) നടത്താവൂ എന്ന് നോർക്ക അറിയിച്ചു.
തട്ടിപ്പിന് ഇരയാകുന്നവർ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിലും നോർക്കയിലെ ഓപ്പറേഷൻ ശുഭയാത്രയിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകണം. പരാതികൾ നൽകാൻ: https://digitalseva.csc.gov.in/, https://www.madad.gov.in/. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1800 11 3090, അന്താരാഷ്ട്ര ഹെൽപ്പ് ലൈൻനമ്പർ (കോൾ നിരക്കുകൾ ബാധകം): +91 11 26885021,+91 11 40503090, 0484-2314900, 2314901. ഇ–- മെയിൽ: helpline@mea.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
