

കൊച്ചി: വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനുമായി ചാനൽ പരിപാടിയ്ക്കിടെ സംസാരിച്ച ലിബിന മുൻപും കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുവതിയുടെ അമ്മ. 2019ൽ ലിബിന വനിതാ കമ്മിഷനെ സമീപിച്ചിരുന്നുവെന്നും രണ്ട് തവണ അദാലത്തിലെത്തിയപ്പോഴും മോശമായ പെരുമാറ്റമാണുണ്ടായതെന്നും ലിബിനയുടെ മാതാവ് പറഞ്ഞു.
‘പരാതിയുണ്ടെങ്കിൽ പോയി കേസ് കൊടുക്ക്’ എന്നു പറഞ്ഞ് ഇറക്കി വിടുകയായിരുന്നു. എതിർകക്ഷിയെ വിളിപ്പിക്കാനോ പരാതിക്കു പരിഹാരം കാണാനോ ശ്രമമുണ്ടായില്ല, അമ്മ പറഞ്ഞു.
18–ാം വയസ്സിലാണു ലിബിനയെ വിവാഹം ചെയ്തയച്ചത്. ഭർത്താവ് ഗൾഫിലേക്ക് പോയതിന് പിന്നാലെ ഭർതൃമാതാപിതാക്കൾ സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം ആരംഭിച്ചു. പലതവണ മകളെ കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും കാണാൻ പോലും അനുവദിച്ചില്ലെന്ന് അമ്മ പറഞ്ഞു. "മകളെ കാണാൻ ശ്രമിക്കില്ലെന്ന് എഴുതി ഒപ്പിടുവിച്ചു വാങ്ങുക പോലും ചെയ്തു. 2018 ൽ മർദിച്ചവശയാക്കി കൈ ഒടിച്ചിട്ടിരിക്കയാണെന്ന വിവരം അയൽപക്കക്കാർ അറിയിച്ചതനുസരിച്ചു പോയി കൂട്ടിക്കൊണ്ടു വരികയാണു ചെയ്തത്", അവർ കൂട്ടിച്ചേർത്തു.
ഇരുപത്തിനാലുകാരിയായ ലിബിന ഹൃദ്രോഗിയായ മാതാവിനൊപ്പം ഒന്നര സെന്റ് സ്ഥലത്തെ വീട്ടിലാണിപ്പോൾ കഴിയുന്നത്. ലിബിനയ്ക്കു രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates