

കൊച്ചി: സംസ്ഥാനത്ത് വനിതകള്‍ക്കായി മറ്റൊരു പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. പ്രിയദര്‍ശിനി വായ്പ എന്ന പേരില്‍ വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മന്ത്രി കെഎ തുളസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വ്യാഴാഴ്ച കൊച്ചിയില്‍ വെച്ച് മുഖ്യമന്ത്രി വിഡി സതീശന്‍ ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തും.
പട്ടികജാതി, പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി. ആകെ 31 പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിന്നാക്ക വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും മൈക്രോ ലെവല്‍ സംരംഭങ്ങള്‍ ആരംഭിക്കാനുമാണ് വായ്പ ലഭ്യമാക്കുകയെന്ന് മന്ത്രി കെഎ തുളസി വ്യക്തമാക്കി. പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജൂലൈ 23ന് എറണാകുളം പള്ളുരുത്തി എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'സമഗ്ര 2026' പരിപാടിയില്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
'സമഗ്ര 2026' പരിപാടിയിലൂടെ ഏറ്റവും അടിയന്തരമായി 16,000-ത്തോളം ഗുണഭോക്താക്കള്‍ക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യം. 100 ദിനത്തിനുള്ളില്‍ 200 കോടി രൂപയുടെ വായ്പാ വിതരണമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഒന്നാം ഘട്ടമായി 23-ന് നടക്കുന്ന ചടങ്ങില്‍ വച്ച് തന്നെ ഇതില്‍ പകുതിയോളം (100 കോടി രൂപ) വായ്പയായി വിതരണം ചെയ്യും. ഇതിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ മാസത്തില്‍ പാലക്കാട് വച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.
എന്താണ് പലിശരഹിത 'പ്രിയദര്‍ശിനി'?
പലിശരഹിത സൂക്ഷ്മ-ചെറുകിട സംരംഭ വായ്പയാണ് പ്രിയദര്‍ശിനി വായ്പ. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കാണ് ഈ വായ്പ ലഭിക്കുക. വിപണിയിലെ മാറ്റങ്ങള്‍ക്കും ജനകീയ ആവശ്യങ്ങള്‍ക്കും അനുസൃതമായി രൂപകല്‍പ്പന ചെയ്ത പുതിയ ക്ഷേമ വായ്പാ പദ്ധതി എന്ന നിലയിലാണ് പ്രിയദര്‍ശിനി വായ്പ അവതരിപ്പിക്കുക. വനിതാ ശാക്തീകരണത്തിനായാണ് പലിശരഹിത സൂക്ഷ്മ-ചെറുകിട സംരംഭ വായ്പയായ 'പ്രിയദര്‍ശിനി' പദ്ധതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates