തൃശൂര്‍: തനിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. കോര്‍പ്പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍പ്പോലും തന്നെ അധ്യക്ഷനാക്കുന്നില്ല. പലതവണ ഇത്തരത്തില്‍ നടന്നു. ഇതുവരെ ക്ഷമിച്ചു. വിജയദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയതിനെ മേയര്‍ ന്യായീകരിച്ചു. പ്രോട്ടോക്കോള്‍ പ്രകാരം എംപിയും എംഎല്‍എയും മേയര്‍ക്ക് താഴെയാണ്. താഴെയുള്ള എംഎല്‍എയെ ഉദ്ഘാടകനാക്കി എന്നു മാത്രമല്ല, മറ്റു കൗണ്‍സിലര്‍മാര്‍ക്കൊപ്പം ചെറിയ ഫോട്ടോയും പോസ്റ്ററില്‍ നല്‍കി. ഇത് അപമാനിക്കലാണെന്ന് എംകെ വര്‍ഗീസ് പറഞ്ഞു.
ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. അറിവില്ലാത്തതാണെങ്കില്‍ എങ്ങനെയാണ് പോസ്റ്റര്‍ അടിക്കേണ്ടതെന്ന് ചോദിക്കേണ്ടത് മര്യാദയാണ്. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം അറിഞ്ഞുകൊണ്ട് ചെയ്ത പ്രവൃത്തിയാണെന്നാണ് താന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെയാണ് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോന്നത്. അര്‍ഹമായ പരിഗണനയ്ക്ക് വേണ്ടിയാണ് പ്രതിഷേധിച്ചത്. ശരിയെന്ന് തോന്നുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രകൃതമാണ് തന്റേത്.
അവഗണനയുടെ കാര്യം എന്താണെന്ന് അറിയില്ല
നാളിതുവരെയുള്ള ആള്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ടാകില്ല. മേയര്‍ എന്ന നിലയ്ക്ക് അര്‍ഹതപ്പെട്ട കാര്യമാണ് ചോദിച്ചത്. മേയര്‍ എന്ന പദവിയെയാണ് ബഹുമാനിക്കേണ്ടത്. സല്യൂട്ട് വിവാദത്തില്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ മറുപടി പോലും കിട്ടിയിട്ടില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. റിമൈന്‍ഡര്‍ നല്‍കാനുള്ള ആലോചനയിലാണ്. അവഗണനയുടെ കാര്യം എന്താണെന്ന് അറിയില്ല. തന്റെ നടപടി സത്യസന്ധമാണെന്നതിനാല്‍ നാളിതുവരെ സിപിഎം ഇടപെടുകയോ ശാസിക്കുകയോ ചെയ്തിട്ടില്ലെന്ന് എംകെ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
സ്‌കൂളിലെ പോസ്റ്റര്‍ വിവാദത്തില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും കത്തയച്ചിട്ടുണ്ട്. വകുപ്പുകള്‍ നടത്തുന്ന പരിപാടിയിലും മന്ത്രിക്കും എംഎല്‍എയ്ക്കുമാണ് പരിഗണന കിട്ടുന്നത്. കോര്‍പ്പറേഷനില്‍ താനാണ് അധ്യക്ഷനെന്നും എംകെ വര്‍ഗീസ് പറഞ്ഞു.
മേയര്‍ വിജയദിനാഘോഷം ബഹിഷ്കരിച്ചു
പൂങ്കുന്നം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ നടന്ന പരിപാടിയുടെ ബോര്‍ഡില്‍ തന്റെ ഫോട്ടോ എംഎല്‍എയുടെ ഫോട്ടോയെക്കാള്‍ ചെറുതായതില്‍ പ്രതിഷേധിച്ചാണ് മേയര്‍ എം കെ വര്‍ഗ്ഗീസ് അവിടത്തെ വിജയദിനാഘോഷം ബഹിഷ്‌കരിച്ചത്. വിവാദത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പി ബാലചന്ദ്രന്‍ എംഎല്‍എ സ്ഥലത്തെത്തിയില്ല.ഇരുവരുടെയും അഭാവത്തില്‍ മുഖ്യാതിഥിയായ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
വേദിയില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന മേയർ എം കെ വർഗീസ്, പ്രോട്ടോക്കോള്‍ പ്രകാരം എംഎല്‍എയെക്കാള്‍ വലുത് താനാണെന്നും ഫ്‌ളക്സില്‍ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞശേഷമാണ് മടങ്ങിയത്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് സല്യൂട്ട് നല്‍കാത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന മേയര്‍ വര്‍ഗ്ഗീസിന്റെ പരാതി വിവാദമായിരുന്നു. ഇതിൽ ഡിജിപിക്ക് മേയർ പരാതി നൽകുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates