

തിരുവനന്തപുരം:  സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ എൻഎസ്എസ് പ്രതിഷേധം ഇന്ന്.എ എൻ ഷംസീറിന്റെ പരാമർശത്തിൽ ശബരിമല മാതൃകയിൽ ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിച്ച് പ്രതിഷേധിക്കാനാണ് എൻഎസ്എസ് തീരുമാനം. 
വിശ്വാസ സംരക്ഷണദിനത്തിൽ നാമജപഘോഷയാത്ര നടത്തും. 
തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിർദ്ദേശം. സ്പീക്കർ, പരാമർശം പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്ന് വീണ്ടും എൻഎസ്എസ് ആവശ്യപ്പെട്ടു. സ്പീക്കറുടെ പരാമർശത്തെ നിസ്സാരവൽക്കരിച്ച്, പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെയും ജി സുകുമാരൻനായർ വിമർശിച്ചിട്ടുണ്ട്.
മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കാൻ പാടില്ലെന്നും സങ്കൽപങ്ങളെ സങ്കൽപങ്ങളായി കാണണമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവന യുക്തിഭദ്രമല്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളെ ശാസ്ത്രീയതയുടെ പേരുപറഞ്ഞ്, അത് ഏതു മതവിഭാഗത്തിന്റേതാണെങ്കിലും തള്ളിക്കളയുന്നത് ആ വിഭാഗത്തിന്റെ നിലനിൽപിനെത്തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കണം. തന്നെയുമല്ല, ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസപ്രമാണങ്ങളിൽ ഇത്തരം കടന്നുകയറ്റം നടത്തുന്നത് വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതും ഒരുതരത്തിലും അംഗീകരിക്കാവുന്നതും അല്ല- വാർത്താക്കുറിപ്പിൽ സുകുമാരൻ നായർ പറഞ്ഞു.
മറ്റു കാര്യങ്ങളിൽ മിത്തിനെ മിത്തായും ചരിത്രത്തെ ചരിത്രമായും ശാസ്ത്രീയമായ രീതിയിൽ കാണുന്നതിൽ തെറ്റില്ല. ഇത് സംബന്ധിച്ച് മുൻമന്ത്രി എകെ ബാലന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
