

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എൻടിഎ പ്രസിദ്ധീകരിച്ചു. പുതുക്കിയ ഫലത്തിൽ മലയാളി അടക്കം 17 വിദ്യാർഥികൾ ഒന്നാം റാങ്ക് നേടി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് ഫലം പുതുക്കി പ്രസിദ്ധീകരിച്ചത്. ചില പരീക്ഷാർഥികൾക്ക് പ്രത്യേകമായി നൽകിയ അധിക മാർക്ക് ഒഴിവാക്കിയ ശേഷമുള്ള റാങ്കാണ് പ്രസിദ്ധീകരിച്ചത്. 17 പേരിൽ 13 ആൺകുട്ടികളും 4 പെൺകുട്ടികളുമാണ് ഒന്നാം റാങ്ക് നേടിയത്.
ആദ്യ ഫലത്തിൽ 67 പേർക്കായിരുന്നു ഒന്നാം റാങ്ക്. ഇതിൽ നാല് പേർ മലയാളികളായിരുന്നു. പുതുക്കിയ ഫലം വന്നപ്പോൾ ഒരു മലയാളി വിദ്യാർഥിക്കു മാത്രമാണ് ഒന്നാം റാങ്ക്. കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിൽ ആണ് പുതുക്കിയ ഫലത്തിൽ ഒന്നാം റാങ്ക് നേടിയ ഏക മലയാളി.
ഫലം സംബന്ധിച്ച വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. exams.nta.ac.in/NEET
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കണ്ണൂർ പൊടിക്കുണ്ട് നന്ദനത്തിൽ ഷർമിൽ ഗോപാലിന്റേയും പ്രിയ ഷർമിലിന്റേയും മകനാണ്. പത്ത് വരെ കണ്ണൂർ ചിന്മയ വിദ്യാലയത്തിലായിരുന്നു ശ്രീനന്ദിന്റെ പഠനം. മാന്നാനം കുര്യാക്കോസ് എലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ശ്രീനന്ദ് പ്ലസ് ടു പഠിച്ചത്. ഇവിടെത്തന്നെയായിരുന്നു നീറ്റ് പരീക്ഷാ പരിശീലനവും. 720ൽ 720 മാർക്കുകളും നേടിയാണ് വിജയം.
ഇക്കഴിഞ്ഞ ജൂൺ നാലിനായിരുന്നു ആദ്യ ഫലം വന്നത്. അന്ന് 67 വിദ്യാർഥികൾക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ വിവാദമായി. ചോദ്യ പേപ്പർ ചോർച്ചയടക്കം ചർച്ചയായി. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങളും ഉയർന്നു. നിരവധി ഹർജികൾ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുൻപാകെ വന്നതോടെയാണ് ഇടപെടൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates