

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിര്‍മിക്കുന്ന വയനാട് പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളുടെ എണ്ണത്തില്‍ കുറവ് വരുത്താനുള്ള നീക്കത്തിനെതിരെ ആശങ്കയുമായി ദുരന്തബാധിതര്‍. ടൗണ്‍ഷിപ്പില്‍ നിര്‍മിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്ന 410 വീടുകളില്‍ 13 എണ്ണം പുതിയ ചൂരല്‍മല വില്ലേജ് റോഡിനരികിലെ അഞ്ച് ഹെക്ടര്‍ സ്ഥലത്തേക്ക് മാറ്റാനാണ് നിര്‍മാണ ഏജന്‍സിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ടൗണ്‍ഷിപ്പില്‍ 397 വീടുകളും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ദുരന്തബാധിതര്‍ക്കായി പുതിയ സ്ഥലത്ത് 13 വീടുകളുമാകും നിര്‍മിക്കുക.
ടൗണ്‍ഷിപ്പില്‍ 410 വീടുകളും ഉന്നതി പദ്ധതിയില്‍ 13 വീടുകളുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പദ്ധതി. എന്നാല്‍, ടൗണ്‍ഷിപ്പില്‍ 410 വീടുകള്‍ നിര്‍മിക്കേണ്ട സാഹചര്യമില്ലെന്നാണ് യുഎല്‍സിസിഎസിന്റെ വിശദീകരണം. ടൗണ്‍ഷിപ്പ് ഭൂമിയുടെ ഒരു ഭാഗം ഹൈക്കോടതിയിലെ കേസിനെത്തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാത്തതും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വന്ന കുറവുമാണ് തീരുമാനത്തിന് കാരണമെന്ന് യുഎല്‍സിസിഎസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഇ.ടി. രാജേഷ് പറഞ്ഞു.
'ടൗണ്‍ഷിപ്പ് ഭൂമിയുടെ ഒരു ഭാഗം ഹൈക്കോടതിയിലെ കേസ് കാരണം ഉപയോഗിക്കാനാകില്ല. അതിനാല്‍ 410 വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലമില്ല. രണ്ടാമതായി, സര്‍ക്കാര്‍ പട്ടികയില്‍ നിലവില്‍ 327 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 13 പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. 105 അപ്പീലുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും പകുതിയിലധികം പേരും ടൗണ്‍ഷിപ്പിലെ വീടിനു പകരം നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ 410 വീടുകള്‍ ടൗണ്‍ഷിപ്പില്‍ നിര്‍മിക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍,' രാജേഷ് പറഞ്ഞു.
ടൗണ്‍ഷിപ്പ് പദ്ധതിയും ഉന്നതി പദ്ധതിയും നേരത്തെ രണ്ട് വ്യത്യസ്ത പദ്ധതികളായാണ് വിഭാവനം ചെയ്തിരുന്നതെന്ന് രാജേഷ് പറഞ്ഞു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ രണ്ട് പദ്ധതികളായി നടപ്പാക്കേണ്ടതില്ലെന്നും 13 വീടുകള്‍ പുതിയ വില്ലേജ് റോഡിലെ സ്ഥലത്തേക്ക് മാറ്റാമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വയനാട് മോണിറ്ററിങ് കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. പുതിയ സ്ഥലത്ത് മണ്ണുപരിശോധന പൂര്‍ത്തിയാക്കി. വെള്ളം, വൈദ്യുതി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി കെഎസ്ആര്‍ബി, കെഡബ്ല്യുഎ അധികൃതരുടെ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ജനുവരിയോടെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ടൗണ്‍ഷിപ്പിലെ വീടുകള്‍ക്ക് സമാനമായ രീതിയിലാകും ഇവിടെയും വീടുകള്‍ നിര്‍മിക്കുക. ഇതിനുപുറമെ പൊതുസൗകര്യവും ഒരുക്കും.
അതേസമയം, ടൗണ്‍ഷിപ്പിലെ വീടുകളുടെ എണ്ണം കുറയ്ക്കുന്നത് അപ്പീല്‍ നല്‍കിയ കുടുംബങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഗുണഭോക്താക്കള്‍. നൂറിലധികം കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ വീടിനായി അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും വീടുകളുടെ എണ്ണം കുറയുന്നത് ഇവര്‍ക്ക് തിരിച്ചടിയാകുമെന്നും ജനശബ്ദം ഗുണഭോക്തൃ കൂട്ടായ്മ ചെയര്‍മാന്‍ നസീര്‍ പറഞ്ഞു. 'നൂറിലധികം കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ വീടിനായി അപ്പീല്‍ നല്‍കിയിട്ടുണ്ട്. വീടുകളുടെ എണ്ണം കുറച്ചാല്‍ ഇവര്‍ക്ക് വീട് ലഭിക്കാനുള്ള സാധ്യതയും കുറയും,' നസീര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates