

ന്യൂഡല്‍ഹി: ഒരാഴ്ചയായി ഛത്തീസ്ഗഢിലെ ജയിലില്‍ക്കഴിയുന്ന രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. നിയമവിദഗ്ധരുമായി ചര്‍ച്ചനടത്തിയശേഷം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യാണ് വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. പഴുതടച്ച ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കും. മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല.
മനുഷ്യക്കടത്ത് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ജാമ്യാപേക്ഷ നല്‍കിയാലും എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാകില്ല. ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍നിന്നടക്കം മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കുമെന്ന് കന്യാസ്ത്രീകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഛത്തീസ്ഗഢിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ സജീവ് ജോസഫും റോജി എം ജോണും പറഞ്ഞു.
അറസ്റ്റിലായ കന്യാസ്ത്രീകളുടെ സന്ന്യാസ സഭയായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ (ഗ്രീന്‍ ഗാര്‍ഡന്‍സ്) മദര്‍ സുപ്പീരിയര്‍ ഇസബെല്‍ ഫ്രാന്‍സിസ് ദുര്‍ഗിലെത്തി. സിബിസിഐയുടെ സന്ന്യാസപ്രതിനിധി സംഘവും ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആന്റോ ആന്റണി, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന എംപിമാരുടെ സംഘം വെള്ളിയാഴ്ച ദുര്‍ഗിലെത്തി കന്യാസ്ത്രീകളെ കാണും. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിനെയും പൊലീസ് അറസ്റ്റുചെയ്തത്.
അതേസമയം, ഛത്തീസ്ഗഢിലെ ജയിലില്‍ക്കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് വഴിയൊരുങ്ങുമെന്നാണ് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതീക്ഷ. ഇരുവരും നിരപരാധികളാണെന്ന് ബോധ്യപ്പെട്ടെന്ന നിലയിലാണ് അമിത് ഷാ സംസാരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എംപിമാര്‍ പറഞ്ഞു. എന്‍ഐഎ കോടതിയില്‍നിന്ന് ഈ കേസ് വിടുതല്‍ ചെയ്യിക്കുന്നതിന് ആവശ്യമായ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
രക്ഷിതാക്കളുടെ സമ്മതപ്രകാരവും തങ്ങളുടെ ഇഷ്ടപ്രകാരവുമാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്ന് ആദിവാസി യുവതികളിലൊരാളായ കമലേശ്വരി പറഞ്ഞു. ആഗ്രയില്‍നിന്ന് ഭോപാലിലേക്ക് പോകാനും അവിടെ ഒരു ക്രിസ്ത്യന്‍ ആശുപത്രിയില്‍ ജോലി ചെയ്യാനുമായിരുന്നു ഉദ്ദേശ്യം. തനിക്ക് പതിനായിരംരൂപ ശമ്പളവും ഭക്ഷണവും വസ്ത്രങ്ങളും താമസവും വാഗ്ദാനം ചെയ്തിരുന്നതായാണ് യുവതി പറയുന്നത്. നാലഞ്ച് വര്‍ഷങ്ങളായി ക്രിസ്തുമതമാണ് പിന്തുടരുന്നതെന്ന് യുവതി പറയുന്നു. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളത്. നാരായണ്‍പുര്‍ ജില്ലാ ആസ്ഥാനത്തേക്ക് ദിവസവും പത്തുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ജോലിക്കുപോകുന്നത്. ദിവസവും 250 രൂപയാണ് കൂലി്. പള്ളിയില്‍വെച്ച് പരിചയപ്പെട്ട സുഖ്മാന്‍ മാണ്ഡവിയാണ് ആശുപത്രിയിലെ ജോലിയെക്കുറിച്ച് പറഞ്ഞത്. ഇയാള്‍ക്കൊപ്പം താനുള്‍പ്പെടെ മൂന്ന് യുവതികളാണ് ജൂലൈ 25ന് അതിരാവിലെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കന്യാസ്ത്രീകളും എത്തി. ഇതിനിടെയാണ് ഒരാള്‍ വന്ന് പ്രശ്‌നമുണ്ടാക്കുകയും ഭീഷണിപ്പെടുത്താനും അപമാനിക്കാനും തുടങ്ങിയത്. പിന്നീട് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരും എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
