

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് ആദ്യ ചരക്ക് കപ്പല്‍ തീരമണയുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഒക്ടോബര്‍ 28 ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രയിനുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യകപ്പല്‍ എത്തുന്നത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രയിനുകളാണ് വിഴിഞ്ഞത്ത് സജ്ജീകരിക്കുന്നത്. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം. പുലിമൂട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനും, വികസന പുരോഗതിയുടെയും ചാലകശക്തിയായി ചരിത്രത്തില്‍ ഈ ദിനം അടയാളപ്പെടുത്തുമെന്ന് നിയമസഭ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായ എല്ലാ പ്രധാനപ്പെട്ട ഉപഘടകങ്ങളും ഇതിനകം വിവിധ സമയങ്ങളിലായി ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തന നിരതമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയുടെ പ്രകാശനവും ഈ മാസം 20ന് രാവിലെ 11 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ബാലഗോപാല്‍, പി രാജീവ് എന്നിവര്‍ സംബന്ധിക്കും. ലോകത്തെ ഷിപ്പിങ് ലൈനിലുള്ള നൂറോളം കമ്പനികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് 2023 ഒക്ടോബര്‍ അവസാനവാരം ഇന്റര്‍നാഷണല്‍ ഷിപ്പിങ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഈ ചടങ്ങില്‍ സംബന്ധിക്കും. മുംബൈയില്‍ 2023 ഒക്ടോബര്‍ രണ്ടാംവാരത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മറൈന്‍ എക്സിബിഷനില്‍ കേരള മാരിടൈം ബോര്‍ഡും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി വിസിലും പങ്കെടുക്കും. കേരളത്തിന്റെ മറൈന്‍ നിക്ഷേപക സാധ്യതകള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവയെ ലോക നിക്ഷേപക സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരള പവലിയനും തയ്യാറാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates