ഇടുക്കി: വോട്ട് പൗരന്റെ ഏറ്റവും വലിയ അവകാശമാണ്. സൗകര്യവും അവകാശവും ഉള്ളയാള്‍ക്ക് വോട്ടിനുള്ള അവസരം ഉണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കിടപ്പ് രോഗിയായ ഒരാള്‍ക്ക് വോട്ടു ചെയ്യാനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൊടും വനത്തിലൂടെ നടന്നത് 18 കിലോമീറ്ററാണ്.
ഇടമലക്കുടി നൂറടിയിലെ 31 ആം ബൂത്തിലെ 246ാം നമ്പര്‍ വോട്ടറാണ് 92 വയസുള്ള ശിവലിംഗം. കിടപ്പുരോഗിയായ ഇദ്ദേഹം ബൂത്ത് ലെവല്‍ ഓഫീസര്‍ വഴി അസന്നിഹിതര്‍ക്കുള്ള വോട്ടിങ് സൗകര്യത്തിനായി അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ ഇലക്ഷന്‍ വിഭാഗം അപേക്ഷ അംഗീകരിക്കുകയും വീട്ടില്‍ വോട്ട് രേഖപ്പെടുത്താന്‍ ഒമ്പത് അംഗ സംഘത്തെ നിയോഗിക്കുകയുമായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഉപകരണങ്ങളുമായി ഇവര്‍ വനത്തിനുള്ളിലൂടെ 18 കിലോമീറ്റര്‍ നടന്ന് ഇടമലക്കുടിയിലെത്തിയത്.
ബുധനാഴ്ച രാവിലെ ആറ് മണിയോടെ മൂന്നാറില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടത്.
ഇരവികുളം ദേശീയ ഉദ്യാനം വഴി പെട്ടിമുടിയിലെത്തി. അവിടെ നിന്ന് ഓഫ് റോഡ് സൗകര്യമുള്ള ജീപ്പുകളില്‍ ഇടമലക്കുടിക്കടുത്തുള്ള കേപ്പക്കാട്. പിന്നീടങ്ങോട്ട് കാല്‍നട യാത്രാസൗകര്യം മാത്രമേ സാധ്യമാകൂ. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായ മൂന്ന് സ്ത്രീകള്‍ അടങ്ങുന്ന സംഘം രാവിലെ 8 മണിയോടെ യാത്ര ആരംഭിക്കുകയായിരുന്നു. ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴികളായിരുന്നു ആദ്യത്തെ ബുദ്ധിമുട്ട്. തുടര്‍ന്ന് ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലെ പാതകളായിരുന്നു.
കൊടും വനത്തിലൂടെയുള്ള യാത്രയില്‍ ഇടയ്ക്കിടെ കാണുന്ന നാലോ അഞ്ചോ വീടുകളടങ്ങുന്ന കുടികളായിരുന്നു ഏക ആശ്വസം. പകല്‍ സമയമായതിനാല്‍ പുരുഷന്മാരും സ്ത്രീകളുമെല്ലാം കൃഷിസ്ഥലത്താണ്. വീടുകളില്‍ കുട്ടികളും മുതിര്‍ന്നവരും മാത്രം. ആനകള്‍ വെള്ളം കുടിക്കാന്‍ വരാനുള്ള സാധ്യത വനംവകുപ്പ് വാച്ചര്‍മാര്‍ നല്‍കിയതിനാല്‍ പുഴയരികില്‍ അധിക നേരം വിശ്രമിക്കാന്‍ കഴിഞ്ഞില്ല.
ഒട്ടും സുരക്ഷിതമല്ലാത്ത മരപ്പാലങ്ങളിലൂടെ ഓരോരുത്തരായാണ് കയറിയത്. ആനച്ചൂര് മനസിലാക്കാന്‍ നം വകുപ്പിന്റെ സംഘത്തൊടൊപ്പം ഉണ്ടായിരുന്നു. അഞ്ചേ കാല്‍ മണിക്കൂര്‍ എടുത്തു ലക്ഷ്യസ്ഥാനത്തെത്താന്‍. ബൂത്ത് ലെവല്‍ ഓഫീസറെത്തി സംഘത്തെ ശിവലിംഗത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഏറെക്കാലമായി കിടപ്പിലാണ് ഇദ്ദേഹം. എണീറ്റിരിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. വോട്ട് ചെയ്യാന്‍ ചെറുമകന്റെ സഹായം വേണമെന്നതിനാലാണ് അപേക്ഷ നല്‍കിയത്.
കിടക്കക്ക് അരികില്‍ തന്നെ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റ് ഒരുക്കി തീര്‍ത്തും രഹസ്യ സ്വഭാവത്തോടെ സമ്മതിദാന അവകാശം നിര്‍വഹിക്കാനുള്ള അവസരം വോട്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കി. അവിടെവച്ചുതന്നെ ബാലറ്റ് പേപ്പര്‍ സുരക്ഷിതമായി വോട്ടുപെട്ടിയിലുമാക്കി. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ യാത്ര പറയുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പുകയായിരുന്നു ശിവലിംഗം.
മഴയ്ക്ക് സാധ്യതയുണ്ടായിരുന്നതിനാല്‍ കയ്യില്‍ കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ച് വിശ്രമിക്കാന്‍ നില്‍ക്കാതെ രണ്ടേകാലോടെ മടക്കയാത്ര ആരംഭിച്ചു. ഇരുവശത്തേക്കുമായി പതിനെട്ട് കിലോമീറ്റര്‍ നീണ്ട കാല്‍നടയാത്രയ്ക്ക് ശേഷം കേപ്പക്കാടെത്തുമ്പോള്‍ സമയം 7.15.
മൂന്നാര്‍ എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജിഷ മെറിന്‍ ജോസ്, മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എം ആശ, മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്‌ററ് ഓഫീസിലെ ക്ലര്‍ക്ക് എ വി ഡെസിമോള്‍, ഇടമലക്കുടി വില്ലേജ് ഓഫീസര്‍ ശ്യം ജി നാഥ്, ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ അഭിഷേക് കെ എസ്, ഷിബിന്‍ദാസ് സി എല്‍, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് കുമാര്‍ കെ ആര്‍, ഫോറസ്‌ററ് വാച്ചര്‍മാരായ കെ രാമന്‍, ശിവസേനന്‍, ബി എല്‍ ഓ ജയകുമാര്‍ എന്നിവരായിരുന്നു സംഘത്തില്‍.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ ഡോക്യുമെന്റ് ചെയ്യുന്നതിനായി പി ആര്‍ ഡി ടീമും ഒപ്പമുണ്ടായിരുന്നു.
ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നൂറ് ശതമാനം വോട്ടും രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates