

ശാസ്താംകോട്ട: വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഉറപ്പിക്കാനാവാതെ അന്വേഷണ സംഘം. വിസ്മയയെ ശുചിമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങി നിന്ന നിലയിൽ കണ്ടെത്തിയത് കിരൺ കുമാർ മാത്രമാണ്. വിസ്മയെ തൂങ്ങി മരിച്ചതായി പറയുന്ന സ്ഥലത്ത് സ്ഥലത്ത് ഒരുമണിക്കൂറിലധികം പരിശോധന നടത്തിയിട്ടും ആത്മഹത്യയാണെന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല.
കിരണിന്റെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വിസ്മയ മരിച്ചതായി പറയുന്ന സ്ഥലത്ത് ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എസ് കിരൺകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു വിശദമായ പരിശോധന. എന്നാൽ ഒരു മണിക്കൂറിലേറെ പരിശോധന നടത്തിയിട്ടും ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
അന്വേഷണ സംഘത്തിന് നിലവിൽ ലഭ്യമായ മൊഴികൾ അനുസരിച്ച് വിസ്മയ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കിരൺ മാത്രമേ കണ്ടിട്ടുള്ളൂ. ജനൽ കമ്പിയിൽ തൂങ്ങി നിന്ന വിസ്മയയെ ഒറ്റയ്ക്ക് കെട്ടഴിച്ച് താഴെയിറക്കി പ്രാഥമിക ശുശ്രൂശ നൽകിയെന്നാണ് കിരണിന്റെ മൊഴി. തൂങ്ങി നിന്ന വിസ്മയയെ കെട്ടഴിച്ച് താഴെ ഇറക്കിയതിന് ശേഷമാണ് തന്റെ മാതാപിതാക്കൾ എത്തിയതെന്നും കിരൺ പറയുന്നു. വിസ്മയ തൂങ്ങി മരിച്ചതാണെന്ന നിലപാടിൽ തന്നെയാണ് കിരൺ.
വിസ്മയ ജനൽ കമ്പിയിൽ തൂങ്ങി നിന്നു വെന്നു കിരൺ പറഞ്ഞ ശുചിമുറിയിൽ വിസ്മയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ചീഫ് ഫൊറൻസിക് ഡയറക്ടർ ഡോ ശശികലയും ഡോ സീനയും റൂറൽ എസ്പി കെ ബി രവിയും പരിശോധന നടത്തി. കിരണിന്റെ വീട്ടിൽ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോർട്ട് ചീഫ് ഫൊറൻസിക് ഡയറക്ടർ അന്വേഷണസംഘത്തിനു കൈമാറും. ഇതിനുശേഷം മാത്രമേ ദുരൂഹമരണം സംബന്ധിച്ച് അന്തിമ വിലയിരുത്തലിലേക്ക് അന്വേഷണസംഘം എത്തൂ.
സ്ത്രീധനം കുറഞ്ഞു പോയതിന്റെയും കാറിന്റെയും പേരിൽ പലതവണ വിസ്മയയെ വിവിധ സ്ഥലങ്ങളിൽ വച്ച് മർദിച്ചതായി കിരൺ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. എന്നാൽ വിസ്മയ മരിക്കുന്ന അന്ന് രാത്രി മർദിച്ചിട്ടില്ലെന്നാണ് കിരണിന്റെ മൊഴി. സ്വർണാഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന പോരുവഴി ശാസ്താംനടയിലെ എസ്ബിഐ ശാഖയിൽ തെളിവെടുപ്പു നടത്തി. മാലയും വളകളും ഉൾപ്പെടെ 42 പവൻ സ്വർണാഭരണങ്ങളാണ് ലോക്കറിൽ ഉണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates