

ന്യൂഡല്‍ഹി: തന്റെ വിശ്വസ്തരായ കെ ബാബുവിനും കെസി ജോസഫിനും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാന്‍, മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി നിലപാടു കടുപ്പിക്കുന്നു. ഒപ്പം നില്‍ക്കുന്നവര്‍ക്കു സീറ്റില്ലെങ്കില്‍ നേമത്ത് തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ടിവരുമെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന.
ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കെസി ജോസഫിനും കെ ബാബുവിനും ഇത്തവണ സീറ്റു ലഭിക്കാനിടയില്ലെന്നാണ് ഇന്നലെ രാത്രി വരെയുള്ള റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ ഈ നിലയില്‍ മുന്നേറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി കടുത്ത നിലപാടു മുന്നോട്ടുവയ്ക്കുകയിരുന്നുവെന്നാണ് അറിയുന്നത്. നേമത്ത് മത്സരിക്കാന്‍ തയാറാണെന്ന് ഇന്നലെ ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ബാബുവിനും ജോസഫിനും സീറ്റ് ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ പുനരാലോചന വേണ്ടിവരുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.
ബിജെപിയെ നേരിട്ട് എതിര്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേമത്ത് മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ മത്സരിക്കുക എന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചത്. സംസ്ഥാനത്ത് ഉടനീളം ഇതു ഗുണം ചെയ്യുമെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനാവുമെന്നും ഇതുവഴി ഹൈക്കമാന്‍ഡ് കണക്കുകൂട്ടി. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ തനിക്കൊപ്പം ഉറച്ചുനില്‍ക്കുന്ന ബാബുവിനെയും കെസി ജോസഫിനെയും ഒഴിവാക്കിക്കൊണ്ട് ഇത്തരമൊരു നീക്കത്തിന് ഒപ്പം നില്‍ക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഉമ്മന്‍ ചാണ്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഇരിക്കൂര്‍ വിട്ടു വരുന്ന കെസി ജോസഫിനെ കാഞ്ഞിരപ്പള്ളിയിലോ ചങ്ങനാശ്ശേരിയിലോ സ്ഥാനാര്‍ഥിയാക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കെ ബാബു തൃപ്പൂണിത്തുറയില്‍ ഇക്കുറിയും മത്സരിക്കാമെന്ന പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഇരുവരും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. കേരളത്തില്‍നിന്നുള്ള പലരും ഇവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍ ഹൈക്കമാന്‍ഡും അതിനോടു യോജിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
തൃപ്പൂണിത്തുറയില്‍ മുന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ വേണു രാജാമണി സ്ഥാനാര്‍ഥിയാവുമെന്നാണ് ഇപ്പോഴത്തെ സൂചന. കൊച്ചി മേയറായിരുന്ന സൗമിനി ജയിനിനെ സ്ഥാനാര്‍ഥിയാക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുണ്ടെങ്കിലും വേണുവിനാണ് സാധ്യത കൂടുതല്‍.
അതിനിടെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി നേതൃത്വം തള്ളി. അത്തരമൊരു ചര്‍ച്ച ഒരു ഘട്ടത്തിലും നടന്നിട്ടില്ലെന്ന് ഉന്നത നേതാക്കള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates