പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചു; പിഴ ഈടാക്കിയത് രണ്ടുകോടിയില്‍ അധികം

'ഓപ്പറേഷന്‍ യെല്ലോ' വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍
Published on

തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചവരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 2,78,83,024 രൂപ. സ്വമേധയാ സറണ്ടര്‍ ചെയ്യാത്ത കാര്‍ഡുകള്‍ കണ്ടെത്തി അര്‍ഹരായവരെ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തുന്നതിനുള്ള 'ഓപ്പറേഷന്‍ യെല്ലോ' വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതിനും അടിയന്തിര പരിഹാരം കാണുന്നതിനുമായി നടന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതികള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന്‍ യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനര്‍ഹരെ കണ്ടെത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വകുപ്പില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പരിലും 1967 എന്ന ടോള്‍ ഫ്രീ നമ്പറിലും വിവരങ്ങള്‍ വിളിച്ചറിയിക്കാമെന്ന് മന്ത്രി പറഞ്ഞു.

പരാതി ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ അനര്‍ഹമായി കാര്‍ഡു കൈവശം വച്ചവരില്‍ നിന്ന് വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും പൊതുവിഭാഗത്തിലേക്കു മാറ്റുന്നതിനുമുള്ള നടപടി സ്വീകരിച്ചാണ് ഓപ്പറേഷന്‍ യെല്ലോ മുന്നോട്ട് പോകുന്നത്. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ ഉപയോഗിച്ചു കൊണ്ടിരുന്നവരോട് പിഴയോ ശിക്ഷയോ കൂടാതെ കാര്‍ഡുകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 1,72,312 റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തു.

സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട് 4579055 അപേക്ഷകള്‍ ലഭിച്ചു, ഇതില്‍ 4551635 എണ്ണം തീര്‍പ്പാക്കിയതായി മന്ത്രി അറിയിച്ചു. 71,773 പിങ്ക് കാര്‍ഡുകളും, 222768 വെള്ള  കാര്‍ഡുകളും 6635 ബ്രൗണ്‍  കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 3,01,176 കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ 1,93,903 പിങ്ക് കാര്‍ഡുകള്‍, 20659 മഞ്ഞ കാര്‍ഡുകള്‍ എന്നിവ അര്‍ഹതപ്പെട്ടവര്‍ക്ക് തരം മാറ്റി നല്‍കി. ആകെ 93,17,380 റേഷന്‍കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ ശനിയാഴ്ച ലഭിച്ച 17 പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com