

തൃശൂർ: മൊബൈൽ ഫോൺ വഴി ഓർഡർ ചെയ്താൽ പാൽ ലഭിക്കുന്ന മിൽമയുടെ പദ്ധതി ഇനി തൃശൂരിലും. പാൽ മാത്രമല്ല, പാലുൽപന്നങ്ങളും പച്ചക്കറിയും മുതൽ ഇറച്ചി വരെ മിൽമ ഇനി വീട്ടിലെത്തിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ വിജയകരമായി മുന്നേറുന്ന ഓൺലൈൻ വിതരണ സംരംഭം ഇന്നു മുതൽ തൃശൂരിലും ആരംഭിക്കും. രാവിലെ അഞ്ച് മുതൽ എട്ട് വരെയാണ് വിതരണ സമയം.
പ്ലേ സ്റ്റോർ, ഐഒഎസ് എന്നിവയിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. ലോഗിൻ ചെയ്ത് ഓർഡറുകൾ നൽകാം. 97468 11118 എന്ന നമ്പറിൽ വിളിച്ചും, വാട്സ്ആപ്പ് മുഖേനയും ഓർഡർ നൽകാം.
തലേന്നു രാത്രി 8 മണി വരെ ഓർഡർ ചെയ്യാം. ഡെലിവറി ദിനങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. വീട്ടിൽ ആളില്ലെങ്കിൽ വിതരണം ‘പോസ്’ ചെയ്ത് മറ്റൊരു ദിവസത്തേക്കു മാറ്റാനും സൗകര്യമുണ്ട്.
ആദ്യ ഘട്ടത്തിൽ നഗര പരിധിയിലാണു വിതരണം. എഎം നീഡ്സ് (AM Needs) എന്ന ഓൺലൈൻ ആപ് വഴി മിൽമയുടെ ഉൽപന്നങ്ങളും പ്രമുഖ കമ്പനികളുടെ ചപ്പാത്തി, ദോശ– ഇഡ്ഡലി മാവ്, പുട്ട്– അപ്പം പൊടി എന്നിവയും ഓർഡർ ചെയ്യാം. സപ്ലൈകോ, മത്സ്യഫെഡ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, നാളികേര വികസന കോർപറേഷൻ, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചായപ്പൊടി, കാപ്പിപ്പൊടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയും മത്സ്യ–മാംസ ഉൽപന്നങ്ങളുടെയും ‘കേരജം’ വെളിച്ചെണ്ണ, പച്ചക്കറികൾ എന്നിവയുടെയും വിതരണം ഉടൻ ആരംഭിക്കും.
വിപണി വിലയേക്കാൾ 20 % വരെ കുറവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതല ഉദ്ഘാടനം ഇന്നു 11നു പേൾ റീജൻസിയിൽ മന്ത്രി വിഎസ് സുനിൽകുമാർ നിർവഹിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates