കൊച്ചി: ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.35ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിച്ച് ഒന്നര വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്‍റിലേറ്ററിലായിരുന്നു തുടർന്നിരുന്നത്. മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. നാളെ വൈകിട്ട് മൂന്നിന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം. സഭയിലെ എല്ലാസ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിച്ചു.
തൃശൂർ കുന്നങ്കുളം പഴഞ്ഞി കുടുംബാംഗമായി 1946 ആഗസ്ത് 30 നാണ് ജനനം. പോള്‍ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദവും കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോട്ടയത്തെ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി.
1972 ല്‍ ശെമ്മാശ പട്ടം ലഭിച്ച അദ്ദേഹം 2010 നവംബർ 1-ന് പരുമല സെമിനാരിയിൽ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്നാണ് കാതോലിക്കാ ബാവയായത്. നിർധനർക്കായി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം ചെയ്തത്. പരുമലയിൽ കാൻസർ ചികിത്സാ കേന്ദ്രം തുറക്കുകയും സ്നേഹസ്പർശം പരിപാടിയിലൂടെ നിർദനരെ സഹായിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates