ഏഴടി നീളമുള്ള ക്രിസ്തുവിന്റെ ശില്പം; വിശ്വാസികൾക്ക് അപൂർവാനുഭവം, പോർച്ചു​ഗീസ് കാലത്തെ ആചാരങ്ങൾ കൈവിടാതെ വൈപ്പിനിലെ ദേവാലയം

ആദ്യം പോർച്ചുഗീസുകാരാണ് ഈ പള്ളി നിർമിച്ചതെങ്കിലും പിന്നീട് ഡച്ചുകാർ ഇത് പുനർനിർമിക്കുകയായിരുന്നു.
Our Lady of Hope Church
ഔർ ലേഡി ഓഫ് ഹോപ്പ് പള്ളിയിൽ ആരാധനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന യേശു ക്രിസ്തുവിന്റെ ശില്പംഎക്സ്പ്രസ്
Updated on
2 min read

കാല്‍വരിക്കുന്നില്‍ ആണികളാൽ തറക്കപ്പെട്ട് കുരിശില്‍ മാനവരാശിക്കായി ജീവൻ അർപ്പിച്ച യേശു ക്രിസ്‌തുവിൻ്റെ ഓര്‍മക്കായി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. കൊച്ചിയിലെ വൈപ്പിനിൽ സ്ഥിതി ചെയ്യുന്ന ഔർ ലേഡി ഓഫ് ഹോപ്പ് ചർച്ചിലേക്ക് ദുഃഖ വെള്ളിയാഴ്ച ദിവസം വിശ്വാസികളുടെ ഒഴുക്കാണ്. 400 വർഷത്തിലേറെ പഴക്കമുണ്ട് ഈ പള്ളിയ്ക്ക്.

ആദ്യം പോർച്ചുഗീസുകാരാണ് ഈ പള്ളി നിർമിച്ചതെങ്കിലും പിന്നീട് ഡച്ചുകാർ ഇത് പുനർനിർമിക്കുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും കൊളോണിയൽ പോർച്ചു​ഗീസ് കാലഘട്ടത്തിലെ പുണ്യ വസ്തുക്കളുമൊക്കെ ദുഃഖ വെള്ളിയാഴ്ച ദിവസം വിശ്വാസികൾക്ക് ഇവിടെയെത്തിയാൽ കാണാനാകും. കൊച്ചി രൂപതയുടെ കീഴിലുള്ള അതിപുരാതനമായിട്ടുള്ള പള്ളി കൂടിയാണിത്.

ദുഃഖ വെള്ളിയാഴ്ചയിലെ പുരാതനമായ ആചാരങ്ങളും പാരമ്പര്യങ്ങളുമൊക്കെ ഇപ്പോഴും ഇവിടെ തുടർന്നു പോരുന്നുവെന്ന് അസിസ്റ്റന്റ് വികാരി ഫാ പോൾ പള്ളിപ്പറമ്പിൽ പറയുന്നു. 1500 കളിൽ ആരംഭിച്ച ചില പാരമ്പര്യങ്ങൾ ഇപ്പോഴും ആംഗ്ലോ- ഇന്ത്യൻ സമൂഹം അതുപോലെ തന്നെ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ദുഃഖ വെള്ളിയാഴ്ച ദിവസം ഏഴടിയോളം നീളമുള്ള ക്രിസ്തുവിന്റെ ഒരു മര ശില്പം വിശ്വാസികൾക്ക് വണങ്ങാനായി എഴുന്നള്ളിക്കും. പോർച്ചു​ഗലിൽ നിന്ന് കൊണ്ടുവന്നതാണ് ഈ മരശില്പം." - ഓൾ ഇന്ത്യ ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ വൈപ്പിൻ ബ്രാഞ്ച് പ്രസിഡന്റ് ഡെസ്മണ്ട് ഡി' കോസ്റ്റ പറയുന്നു. പോർച്ചു​ഗീസ് രാജാവ് ആയിരുന്ന മാനുവൽ ഫ്രാൻസിസ്കൻ മിഷനറിമാർക്ക് സമ്മാനിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിൽപത്തിന്റെ തലയും കൈകാലുകളും ചലിപ്പിക്കാവുന്നവയാണ്.

ക്രൂശിലേറ്റിയ യേശു ക്രിസ്തുവിനെ ചിത്രീകരിച്ചിരിക്കുന്ന അതുല്യമായ ചിത്രവും ദുഃഖ വെള്ളിയാഴ്ച ദിവസം വിശ്വാസികൾക്കായി അനാച്ഛാദനം ചെയ്യും. കുരിശ് ചുമന്നു കൊണ്ടുള്ള നടത്തം നിലവിൽ നിർത്തി വച്ചിട്ടുണ്ടെങ്കിലും, എല്ലാ ദുഃഖ വെള്ളിയാഴ്ചയും, ഈ വിശുദ്ധ ശില്പം പുറത്തെടുത്ത് കഴുകി, വസ്ത്രം ധരിപ്പിച്ച് ഒരു മരക്കഷണത്തിൽ ആരാധനയ്ക്കായി വയ്ക്കും. ഇതോടൊപ്പം ഒരു വിഭാ​ഗം ആംഗ്ലോ-ഇന്ത്യൻ പുരുഷന്മാരുടെ ചില ആചാരങ്ങളും നടത്തും. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകളിൽ അഭിഷേകം ചെയ്യുന്നതാണ് മറ്റൊരു പുരാതന ആചാരം.

തിരുസ്വരൂപം എഴുന്നള്ളിക്കുന്നതിന് മുൻപായി അഞ്ച് തിരുമുറിവുകളിലും പ്രാർഥനകൾ ചൊല്ലുകയും തൈലം അഭിഷേകം ചെയ്യുകയും ചെയ്യും. പിന്നീട് യേശുവിന്റെ അനുയായികളെ പ്രതിനിധീകരിക്കുന്ന കറുത്ത വസ്ത്രങ്ങളും ഹുഡ്‌സും ധരിച്ച 12 പേർ പള്ളിക്ക് ചുറ്റും ഈ ശില്പം ഘോഷയാത്രയായി കൊണ്ടുപോകും. - പള്ളിയുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങൾ ചെയ്യുന്ന ലെവെല്ലിൻ പെയ്‌ന്റർ പറഞ്ഞു.

വ്രത ശുദ്ധിയോടെ സ്ത്രീകൾ ദാനം ചെയ്ത മുടി കൊണ്ട് നിർമിച്ച ഒരു വി​ഗ്​ഗും പ്രതിമയിൽ കാണാം. യേശുവിനെ കുരിശിൽ തറയ്ക്കാൻ ഉപയോ​ഗിച്ച ആണിയും മുൾകിരീടവും ചിത്രത്തിനരികിലുണ്ട്. ഇവിടെ വിശ്വാസികൾ ആദരവ് അർപ്പിക്കും. പിന്നീട് പള്ളിയുടെ വാതിലുകൾ അടച്ച് പുരോഹിതൻ സമാപന പ്രാർഥന ചൊല്ലുന്നു.

ആളുകൾ പോകുന്നതിന് മുൻപ് ശവപേടകത്തെ പൊതിഞ്ഞ തിരുവസ്ത്രം നീക്കം ചെയ്ത് വിശ്വാസികളെ കാണിക്കും. പുലർച്ചെ 3 മണിയോടെ തിരഞ്ഞെടുത്ത അം​ഗങ്ങൾ ചേർന്ന് ശില്പം കഴുകി ലിനൻ തുണിയിൽ പൊതിഞ്ഞ് തിരികെ വയ്ക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com