കണ്ണൂര്‍ തളിപ്പറമ്പിലും വഖഫ് സ്വത്ത് അന്യാധീനപ്പെട്ടു, 250 ഏക്കറിലധികം ഭൂമി കണക്കിലില്ലെന്ന് റിപ്പോര്‍ട്ട്

തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിന്റെ 25 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് നീങ്ങുന്നത്
waqf land issue Kannur
വഖഫ് സംരക്ഷണ സമിതി തളിപ്പറമ്പിൽ നടത്തിയ പ്രതിഷേധ മാർച്ച്Express Photos
Updated on
2 min read

കണ്ണൂര്‍: വഖഫ് വിഷയം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെ കണ്ണൂര്‍ തളിപ്പറമ്പിലും ഭൂമിയെ ചൊല്ലി അവ്യക്തത. തളിപ്പറമ്പിലും പരിസരത്തുമായി ഏകദേശം 250 ഏക്കറിലധികം വഖഫ് ഭൂമി അന്യാധീനപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയുടെ കണക്കുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. വഖഫ് രജിസ്റ്റര്‍ പ്രകാരം ഈ മേഖലയില്‍ ബോര്‍ഡിന്റെ കൈവശം 339.17 ഏക്കര്‍ ഭൂമിയാണുള്ളത്. എന്നാല്‍ നിലവിലെ മാനേജ് കമ്മിറ്റിയുടെ കൈവശം 82.72 ഏക്കര്‍ മാത്രമാണുള്ളത്. കണക്കുകളിലെ വ്യത്യാസം മാത്രം 250 ഏക്കറില്‍ അധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിന്റെ 25 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് നീങ്ങുന്നത്.

വഖഫ് സംരക്ഷണ സമിതിയുടെ കണക്കനുസരിച്ച് സയ്യിദ് നഗര്‍, ഫാറൂഖ് നഗര്‍, മന്ന കരിമ്പത്തുവിലെ അണ്ടകല, സാധു മുട്ടി എന്നീ പ്രദേശങ്ങളിലാണ് വഖഫ് ഭൂമികളുള്ളത്. തളിപ്പറമ്പ് മുനിസിപ്പല്‍ ഓഫീസ്, തളിപ്പറമ്പ് സഹകരണ ആശുപത്രി തുടങ്ങിയവയും തര്‍ക്കഭൂമിയില്‍ നൂറുകണക്കിന് വീടുകളും സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പടെ സ്ഥിതി ചെയ്യുന്നതും വഖഫ് ഭൂമിയില്‍ ആണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ അവകാശം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ ശക്തമാക്കാനാണ് വഖഫ് സംരക്ഷണ സമിതിയുടെ തീരുമാനം. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് 2022 ല്‍, വഖഫ് സംരക്ഷണ സമിതി സമര്‍പ്പിച്ച പരാതിയില്‍ വഖഫ് ബോര്‍ഡ് ഭൂമി സംബന്ധിച്ച പരിശോധന നടത്തിയിരുന്നു. സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.

വഖഫ് ബോര്‍ഡിന് സമര്‍പ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടില്‍ തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റിന്റെ കീഴിലുള്ള സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരവ് ചെലവ് രേഖകള്‍ കാണാതായ സംഭവത്തില്‍ നേരത്തെ അന്വേഷണം നടന്നിരുന്നു. ഇ കെ കരുണാകരന്റെ നേതൃത്വത്തില്‍ വഖഫ് ബോര്‍ഡ് നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ 2013 മുതല്‍ 21 വരെയുള്ള സ്‌കൂളിന്റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ ശുപാര്‍ശ പ്രകാരം ഡിവിഷണല്‍ ഓഫീസര്‍ തര്‍ക്ക ഭൂമി അളക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാ സര്‍വേ ഓഫീസറെ ചുമതലപ്പെടുത്തി. ഇതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നത് കൂടുതല്‍ നിയമനടപടികളിലേക്ക് നയിച്ചേക്കാമെന്ന് വഖഫ് സംരക്ഷണ സമിതി പ്രസിഡന്റ് കെ പി എം റിയാസ് പറയുന്നു. തളിപ്പറമ്പില്‍ 604 ഏക്കര്‍ വഖഫ് ഭൂമി ഉണ്ടായിരുന്നു. നിലവില്‍ 339.17 ഏക്കറിന് മാത്രമേ രേഖകളുള്ളൂ. തളിപ്പറമ്പ്, പട്ടുവം, കുറ്റേരി തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇതില്‍ ഭൂരിഭാഗവും സ്വാതന്ത്ര്യത്തിന് മുമ്പ് ദാനം ചെയ്യപ്പെട്ടതാണ്. ഭൂമി കൈവശപ്പെടുത്തിയവര്‍ അത് തിരികെ നല്‍കാന്‍ തയ്യാറല്ലെന്നതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു എന്നും കെ പി എം റിയാസ് വ്യക്തമാക്കുന്നു. ഭൂമി തിരികെ ബോര്‍ഡിന് ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും റിയാസ് ചുണ്ടിക്കാട്ടുന്നു.

അതേസമയം, സര്‍ സയ്യിദ് കോളേജ് ഭൂമി തര്‍ക്കം മുസ്ലിം ലീഗിനുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്. വിഷയത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അടിയന്തര ഇടപെടല്‍ നടത്തണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. തര്‍ക്കഭൂമി കോളേജിന് പാട്ടത്തിന് നല്‍കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പ്രാദേശിക നേതാക്കള്‍ ഒരു തുറന്ന കത്ത് പുറത്തിറക്കിയിരുന്നു. സര്‍ സയ്യിദ് കോളേജിന്റെ ഭൂമി തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റിന്റേതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നിട്ടും, ലീഗ് നേതാവ് അല്ലംകുളം മഹമൂദ് വഖഫ് ഭൂമി കോളേജിന് കൈമാറാന്‍ ശ്രമിക്കുകയാണ് എന്നും കത്ത് ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ നേട്ടത്തിനായി സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്ലീംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി ആരോപിച്ചു. ഭൂമി തളിപ്പറമ്പ് ജമാഅത്തിന്റെ ഉടമസ്ഥതയിലാണെന്നതില്‍ മുസ്ലീം ലീഗിന് എതിരഭിപ്രായമില്ല, ചില ലീഗ് നേതാക്കള്‍ നിലവില്‍ സര്‍ സയ്യിദ് കോളേജുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് കോളേജ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com