പാട്ടിന്റെ പൗര്‍ണമിച്ചന്ദ്രന്‍ മാഞ്ഞു; ഭാവഗായകന് വിട നല്‍കി കേരളം; ഒഴുകിയെത്തി ആയിരങ്ങള്‍

പാലിയം ശ്മാശനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം
പി ജയചന്ദ്രന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു
പി ജയചന്ദ്രന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു ടെലിവിഷന്‍ ചിത്രം
Updated on
1 min read

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന് യാത്രാമൊഴി. പറവൂര്‍ പാലിയത്തെ തറവാട്ടു ശ്മാശനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഒന്നരയോടെയായിരുന്നു സംസ്‌കാരം. മകന്‍ ദിനനാഥാനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പാട്ടുകള്‍ കൊണ്ട് തലമുറകളുടെ ജനഹൃദയം കീഴടക്കിയ പ്രിയഗായകനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നിലെ വീട്ടിലും തുടര്‍ന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനല്‍ തിയറ്ററിലുമായിരുന്നു പൊതുദര്‍ശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടില്‍ എത്തിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഹൈബി ഈഡന്‍ എംപി, പ്രേംകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

അമല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചത്. പത്തര മുതല്‍ പകല്‍ ഒന്നുവരെ സംഗീതനാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ആര്‍ ബിന്ദുവും സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കെ രാജനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനുവേണ്ടി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും പുഷ്പചക്രം അര്‍പ്പിച്ചു.

മന്ത്രി എ കെ ശശീന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, നടന്‍ മമ്മൂട്ടി, കലാമണ്ഡലം ഗോപി, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, പ്രിയനന്ദനന്‍, ഔസേപ്പച്ചന്‍, വിദ്യാധരന്‍, ഷിബു ചക്രവര്‍ത്തി, ബാലചന്ദ്ര മേനോന്‍, മനോജ് കെ ജയന്‍, എം ജി ശ്രീകുമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബംഗാള്‍, കേരള, ഗോവ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ വിയോഗത്തില്‍ അനുശോചിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു മരണം. വ്യാഴാഴ്ച വൈകീട്ട് അപാര്‍ട്‌മെന്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായി 1944 മാര്‍ച്ച് മൂന്നിനിനായിരുന്നു പി ജയചന്ദ്രക്കുട്ടന്‍ എന്ന ജയചന്ദ്രന്റെ ജനനം.1965-ല്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയിലെ 'മുല്ലപ്പൂ മാലയുമായ്...' എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ കളിത്തോഴനിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' എന്ന പാട്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് ശ്രദ്ധ നേടാന്‍ ഇടയാക്കിയത്. ആയിരക്കണക്കിന് പാട്ടുകള്‍ പാടി. മലയാളത്തിന്റെ ഭാവഗായകനായി മനസുകളില്‍ ഇടം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com