'ജാഥകള്‍ എന്തിന്?; അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരന്‍ നായര്‍ സംസാരിക്കുന്നത്'

ഷംസീറിനു നേരെ മാത്രമുള്ള ആക്രമണമായി ഇതിനെ ചുരുക്കിക്കാണേണ്ടതില്ല.
ജി സുകുമാരന്‍ നായര്‍- പി ജയരാജന്‍
ജി സുകുമാരന്‍ നായര്‍- പി ജയരാജന്‍
Updated on
2 min read

കണ്ണൂര്‍: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കുടുംബത്തിന്റെ മതവും രാഷ്ട്രീയവുെമല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തി അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരന്‍ നായര്‍ സംസാരിക്കുന്നതെന്ന് സിപിഎം നേതാവ് പി ജയരാജന്‍. വിശ്വാസവും ശാസ്ത്രവും തമ്മില്‍ ഒരു സംഘര്‍ഷവും ഈ വിഷയത്തിലില്ല. ഷംസീര്‍ സംസാരിച്ചതില്‍ വിശ്വാസത്തോടോ ഏതെങ്കിലും മതത്തോടോ ഉള്ള വിമര്‍ശനവുമില്ല. രാഷ്ട്രീയ ഹിന്ദുത്വയോടുള്ള വിമര്‍ശനത്തെ വിശ്വാസത്തോടുള്ള വിമര്‍ശനമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കാനാണ് ശ്രമം. ഇത് കേരളം ഒന്നിച്ചുനിന്ന് ചെറുക്കേണ്ടതാണെന്ന് പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പി ജയരാജന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനു നേരെയുള്ള ആക്രോശങ്ങളുമായി ഇന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായരുടെ ആഹ്വാനപ്രകാരം ജാഥകള്‍ നടക്കുകയാണ്. എന്തിന്? ശാസ്ത്രമാണ് ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്നു പ്രസംഗിച്ചതിന്. ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശം തങ്ങളുടെ വികാരം വ്രണപ്പെടുത്തി എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. വിശ്വഹിന്ദു പരിഷത്തും ആര്‍എസ്എസുമെല്ലാം കൂടെയുണ്ട്. ഷംസീര്‍ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ ഒന്നും എതിരായിട്ടല്ല. അവയെല്ലാം ഉപയോഗപ്പെടുത്തി ആര്‍എസ്എസും കേന്ദ്രഭരണകൂടവും നടത്തുന്ന ശാസ്ത്രനിരാസപ്രവര്‍ത്തനങ്ങള്‍ക്കും പ്രസ്താവങ്ങള്‍ക്കും എതിരെയാണ്. ആ വാക്കുകള്‍ വളച്ചൊടിച്ച് രാഷ്ട്രീയഹിന്ദുത്വത്തിന്റെ ശാസ്ത്രീയവിരുദ്ധതക്കെതിരെയുള്ള വിമര്‍ശനം ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയാണ് എന്നു വരുത്തിത്തീര്‍ക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്.
 
ഷംസീറിനു നേരെ മാത്രമുള്ള ആക്രമണമായി ഇതിനെ ചുരുക്കിക്കാണേണ്ടതില്ല. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടിനും അതിന് കേരളത്തിലുള്ള രാഷ്ട്രീയാംഗീകരത്തെയുമാണ് ഇവരെല്ലാം ലക്ഷ്യമിടുന്നത്. വര്‍ഗീയവിഭജനം സൃഷ്ടിച്ച് ലാഭമുണ്ടാക്കുക എന്ന രാഷ്ട്രീയ ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യമാണ് തീവ്ര വലതുപക്ഷ സമുദായനേതൃത്വവും ആര്‍എസ്എസും ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. അതിന് സ്പീക്കറുടെ പ്രസ്താവനയെ ഉപയോഗിക്കുകയാണ്. ഷംസീര്‍ കമ്മ്യൂണിസ്റ്റുകാരനാണ്, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മതവും രാഷ്ട്രീയവുമെല്ലാം പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരന്‍ നായര്‍ സംസാരിക്കുന്നത്. ശാസ്ത്രമല്ല, വിശ്വാസമാണ് പ്രധാനം എന്നാണ് ഇപ്പോള്‍ സുകുമാരന്‍ നായര്‍ പറയുന്നത്. വിശ്വാസവും ശാസ്ത്രവും തമ്മില്‍ ഒരു സംഘര്‍ഷവും ഈ വിഷയത്തിലില്ല. ഷംസീര്‍ സംസാരിച്ചതില്‍ വിശ്വാസത്തോടോ ഏതെങ്കിലും മതത്തോടോ ഉള്ള വിമര്‍ശനവുമില്ല. രാഷ്ട്രീയ ഹിന്ദുത്വയോടുള്ള വിമര്‍ശനത്തെ വിശ്വാസത്തോടുള്ള വിമര്‍ശനമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് കേരളം ഒന്നിച്ചുനിന്ന് ചെറുക്കേണ്ടതാണ്.

രാഷ്ട്രീയഹിന്ദുത്വത്തിന് ഇന്നും ആഗ്രഹിക്കുന്ന മട്ടില്‍ കേരളത്തില്‍ സ്ഥാനം ലഭിക്കാത്തതിന്റെ കാരണം മതമോ വിശ്വാസമോ ഉപയോഗപ്പെടുത്തി ആര്‍എസ്എസ് മറ്റുപലയിടത്തും നടക്കുന്ന കുളംകലക്കല്‍ രാഷ്ട്രീയം ഇവിടെ വിലപ്പോവാത്തതു കൊണ്ടാണ്. ആര്‍എസ്എസ് ദേശീയതലത്തില്‍ രാഷ്ട്രീയ ആയുധമാക്കി പ്രയോജനപ്പെടുത്തുന്ന രാമനേക്കാള്‍ കേരളത്തില്‍ പ്രചാരമുള്ള ഹൈന്ദവദൈവമായ ഗണപതിയെ മുന്‍നിര്‍ത്തി വിശ്വാസികളില്‍ ചലനം സൃഷ്ടിക്കാനുള്ള ദുഷ്ടലാക്കാണ് ഈ പ്രചരണത്തിന്റെ അടിസ്ഥാനം. വിശ്വാസികളായ സഹോദരങ്ങള്‍ മനസ്സിലാക്കേണ്ടത് ഇവരുടെ പ്രശ്‌നം വിശ്വാസമോ ദൈവമോ ഒന്നുമല്ല മറിച്ച് അവരുടെ വര്‍ഗീയ താല്‍പര്യങ്ങളാണ് എന്നതാണ്. ഒരു വിശ്വാസത്തിനും വിശ്വാസിക്കും സ്പീക്കറോ അദ്ദേഹമുള്‍പ്പെടുന്ന ഇടതുപക്ഷമോ എതിരല്ല. എന്നാല്‍ ശാസ്ത്രത്തെ നിഷേധിച്ചും പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിയും കപടശാസ്ത്രങ്ങളെ പ്രോല്‍സാഹിപ്പിച്ചും രാഷ്ട്രീയഹിന്ദുത്വം നടത്തുന്ന രാഷ്ട്രീയ അജണ്ടയെ ഇടതുപക്ഷം എതിര്‍ക്കുന്നു. അത് നമ്മുടെ കുട്ടികള്‍ ശാസ്ത്രബോധത്തോടെ വളരാനാണ്. ആധുനികലോകത്ത് അവര്‍ പിന്തള്ളപ്പെടാതിരിക്കാനും ഇന്ത്യയുടെ ശാസ്ത്രപൈതൃകം സംരക്ഷിക്കപ്പെടാനുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com