'സിപിഎം ഓഫീസ് പച്ചപ്പെയിന്റ് അടിച്ച് വികൃതമാക്കി; ഷുക്കൂര്‍ വധം ദൗര്‍ഭാഗ്യകരം'; സംഭവം വിവരിച്ച് പി ജയരാജന്‍

ഞങ്ങള്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഷൂക്കൂര്‍ കൊല്ലപ്പെടുന്ന ദൗഭാഗ്യകരമായ സംഭവം ഉണ്ടായത്
P Jayarajan
പി ജയരാജന്‍ ഫയല്‍ ചിത്രം
Edited By:
Updated on: 
2 min read

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ കോടതി വിധിയോടെ പൊളിഞ്ഞത് മുസ്ലീംലീഗും കോണ്‍ഗ്രസും ചേര്‍ന്ന് രൂപം നൽകിയ ഗൂഢാലോചന സിദ്ധാന്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍. അന്നത്തെ ഭരണ കക്ഷിയുടെ ആളുകള്‍ പൊലീസിനെ പാവ കളിപ്പിക്കുകയായിരുന്നു. ബോധപൂര്‍വം ഗൂഢാലോചന സിദ്ധാന്തം ഇറക്കി. അതാണ് ഇന്ന് പൊളിഞ്ഞു വീണതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.

33 പ്രതികളില്‍ 20 പേരെ വെറുതെവിട്ടു. മാധ്യമങ്ങള്‍ തെറ്റായ നിലയ്ക്കാണ് സംഭവം പെരുപ്പിച്ച് കാട്ടിയതെന്നും ജയരാജന്‍ പറഞ്ഞു. അരിയല്‍ പ്രദേശത്ത് ലീഗുകാരുടെ ആക്രമണത്തില്‍ നിരവധി സിപിഎമ്മുകാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നും സിപിഎമ്മിന്റെ ഓഫീസ് ലീഗുകാര്‍ പച്ചപെയിന്റും അടിച്ചതിന്റെ അടിസ്ഥാനത്തിലും 2012 ഫെബ്രുവരി മാസം 19ാം തീയതി സ്ഥലം എംഎല്‍എ ടിവി രാജേഷിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ അവിടെ എത്തുകയായിരുന്നു. അരിയില്‍ എത്തിയപ്പോള്‍ തങ്ങള്‍ക്ക് നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. പരിക്കേറ്റ തങ്ങള്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് പൊലീസുകാര്‍ തന്നെയാണ് തങ്ങളെ ആശുപത്രിയിലെത്തിച്ചതെന്ന് ജയരാജന്‍ പറഞ്ഞു

'ഞങ്ങള്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഷൂക്കൂര്‍ കൊല്ലപ്പെടുന്ന ദൗഭാഗ്യകരമായ സംഭവം ഉണ്ടായത്. സാധാരണ നിലയില്‍ ഒരു കേസില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ആളുകളെ അന്വേഷിക്കുകയാണ് ചെയ്തത്. ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വിധേയമായി പൊലീസ് ഉദ്യേഗസ്ഥരെ പാവകളിപ്പിക്കുകയായിരുന്നു. കേരളാ പൊലീസ് അന്വേഷിച്ച് ഒരു ഗൂഢാലോന സിദ്ധാന്തം ഉണ്ടാക്കുകയായിരുന്നു. അതിന്റെ ഭാഗമായി ബോധപൂര്‍വം ഐപിസിയിലെ 118ാം വകുപ്പ് പ്രയോഗിക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 118-ാം വകുപ്പ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആദ്യമായി ചുമത്തിയത് ഷുക്കൂര്‍ കേസിലാണ്. കള്ള തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണിത്. ആശുപത്രിയില്‍ കിടക്കുന്ന ഞങ്ങള്‍ ഷൂക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി രണ്ട് ലീഗ് പ്രവര്‍ത്തകര്‍ കേട്ടെന്ന സാക്ഷി മൊഴി ഉണ്ടാക്കുകയായിരുന്നു. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎമ്മിന് സ്വാധീനം ഉണ്ടായപ്പോള്‍ അവമതിപ്പ് ഉണ്ടാക്കുക ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഗൂഢാലോചന സിദ്ധാന്തം രൂപപ്പെടുത്തിയത്. ഇതിന് ഒരു ഐപിഎസ് ഓഫീസറും കൂട്ടുനിന്നു. അയാള്‍ പിന്നീട് ബിജെപിയില്‍ എത്തി. ആ ഐപിഎസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമാണ് 118 വകുപ്പ് പ്രകാരം ഞങ്ങള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

കേസ് ഹൈക്കോടതയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജഡ്ജി ഞങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തി. സ്വയം പ്രഖ്യാപിത നാടുവാഴികള്‍ ചമഞ്ഞു എന്നായിരുന്നു അത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സിപിഎം വിരുദ്ധത എല്ലാവരും കാണുന്നു. കേസ് സിബിഐക്ക് വിട്ടപ്പോള്‍ ഐപിഎസി 118ല്‍ നിന്ന് 120 ആയി. അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. കേരളാ പൊലീസീന്റെ രാഷ്ട്രീയ ദൗത്യം കുടുതല്‍ ഭംഗിയായി സിബിഐ ഏറ്റെടുത്തു. സാക്ഷി മൊഴി നല്‍കാന്‍ ഗള്‍ഫില്‍ നിന്നും ആളുകള്‍ എത്തി. എന്നാല്‍ ലീഗിനകത്തെ സത്യവിശ്വാസികളായവരും കള്ളസാക്ഷി പറയാന്‍ തയ്യാറായില്ല. രണ്ടുമാധ്യമപ്രവര്‍ത്തകരുടെയും സാക്ഷിമൊഴി രേഖപ്പടുത്തി. ഇപ്പോള്‍ കാര്യങ്ങള്‍ കോടതിക്ക് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാക്കഥ പറഞ്ഞ നടന്ന ലീഗ് - കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം'- പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Summary

P Jayrajan reaction on ariyil shukur murder case verdict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER