തിരുവനന്തപുരം: ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് നടത്തിയ നിയമനിര്‍മാണമല്ല, ഇന്നിനെ മനസിലാക്കുന്ന നിയമങ്ങള്‍ ആണ് വേണ്ടതെന്ന് സംസ്ഥാന നിയമ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. 'നിലവിലെ നിയമനിര്‍മാണം കൊളോണിയല്‍ കാലത്തേതാണ്. അത് ആ കാലത്തെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാണ്. ഇന്ത്യക്കാര്‍ക്ക് മനസിലാവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ആ നിയമങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ഇന്ന് വേണ്ടത് ജനങ്ങള്‍ക്ക് മനസിലാകുന്ന, ഇന്നിനെ മനസിലാകുന്ന നിയമങ്ങളാണ്, 'നിയമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ആയി നടത്തിവന്ന പരിശീലന പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം ശരി എന്ന് കരുതുന്നതാവില്ല പലപ്പോഴും നിലവിലെ നിയമമനുസരിച്ചെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. പഴയ കാലത്തില്‍ നിന്നുള്ള ഉപദേശം കിട്ടി നിയമനിര്‍മാണം നടത്തിയാല്‍ അത് സംസ്ഥാനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് നിയമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിയമത്തെക്കുറിച്ച് കാലിക ബോധമുള്ളവര്‍ ആവുക എന്നത് പ്രധാനപ്പെട്ടതാണ്. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടര്‍ച്ചയായ പ്രക്രിയയാണെന്നും നിരന്തര പരിശീലനത്തിലൂടെ മാത്രമേ പുതിയ കാര്യങ്ങളും ലോകത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ നിയമ സെക്രട്ടറി ഹരി നായര്‍ അധ്യക്ഷത വഹിച്ചു. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് മുഖ്യാതിഥിയായി. ഭരണഘടന വിഭാവന ചെയ്ത നിയമവാഴ്ച സാധ്യമാണെങ്കില്‍ പൗരന്മാര്‍ക്ക് സാമാന്യ നിയമ പരിജ്ഞാനം ഉണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ നിയമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സാമാന്യത്തില്‍ കവിഞ്ഞ നിയമ പരിജ്ഞാനം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്‍ ജീവന്‍, ജോയിന്റ് സെക്രട്ടറി എന്‍ ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ എസ്എസ്എല്‍സി പരീക്ഷ നാളെമുതല്‍; എഴുതുന്നത് 4,19,554 വിദ്യാര്‍ഥികള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates