'നാട്ടുകാരെ ഇങ്ങനെ പറഞ്ഞു പറ്റിക്കണമായിരുന്നോ?; പെരിന്തല്‍മണ്ണക്കാരെ മറിച്ച് വില്‍ക്കുന്ന എംഎല്‍എ'

'ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍' എന്ന തലക്കെട്ടോടെയാണ് നജീബ് കാന്തപുരത്തിനെതിരെയുള്ള സരിന്റെ ആരോപണങ്ങള്‍.
P Sarin against najeeb kanthapuram
നജീബ് കാന്തപുരം = പി സരിന്‍
Updated on
2 min read

പാലക്കാട്: പകുതി വിലയ്ക്ക് സ്‌കൂട്ടറും ഹോം അപ്ലൈന്‍സസും നല്‍കുമെന്ന പേരില്‍ അനന്തുകൃഷ്ണന്‍ നടത്തിയ തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ആരോപണവുമായി സിപിഎം നേതാവ് പി സരിന്‍. നജീബ് കാന്തപുരത്തിന്റെ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അനന്തു കൃഷ്ണന്‍ ഉണ്ടാക്കിയ തട്ടിപ്പുസംഘടനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് സരിന്‍ ആരോപിച്ചു. 'ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍' എന്ന തലക്കെട്ടോടെയാണ് നജീബ് കാന്തപുരത്തിനെതിരെയുള്ള സരിന്റെ ആരോപണങ്ങള്‍.

'പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎല്‍എ തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്‍കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി എംഎല്‍എ, ഒരേ സമയം ആളുകളില്‍ നിന്ന് പണം തട്ടിക്കാനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭീമമായ ഫണ്ടുകള്‍ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ട്. എംഎല്‍എ ക്ക് ഈ തട്ടിപ്പില്‍ നിന്ന് കൈകഴുകാന്‍ പറ്റാത്തവിധം വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും'- സരിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, തന്റെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആരില്‍ നിന്നും ഒരു പൈസപോലും വാങ്ങിയിട്ടില്ലെന്ന് നജീബ് കാന്തപുരം പറഞ്ഞു. മുദ്ര എന്ന സംഘടനയില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. അതിന് സര്‍ക്കാരിന്റെ അംഗീകാരവും ഉണ്ട്. എന്‍ജിഒ രംഗത്ത് ഒരുപാട് പ്രവര്‍ത്തിച്ചിട്ടുള്ള നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ചെയര്‍മാനായ അനന്തകുമാറിനെ പോലെയുള്ള ആളുകള്‍ സമീപിച്ച് മുദ്രയ്ക്ക് കൂടി സഹായം ലഭ്യമാക്കാമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ പെട്ടുപോയതാണ്. അനന്തു കൃഷ്ണന്റെ ഇടപാടില്‍ ഞങ്ങളും ഇരകളാണെന്ന് എംഎല്‍എ പറഞ്ഞു. ആദ്യം അപേക്ഷിച്ചപ്പോള്‍ 762 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ ലഭിച്ചു, 19 സ്‌കൂട്ടര്‍ ലഭിച്ചു, 234 ലാപ്‌ടോപ്പ് കിട്ടി, 182 കര്‍ഷകര്‍ക്ക് ജൈവവളം ലഭിച്ചതായും എംഎല്‍എ പറഞ്ഞു. പിന്നീട് ഓരോ അംഗങ്ങളും അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

സരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

'ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍'അഥവാ പെരിന്തല്‍മണ്ണക്കാരെ മറിച്ച് വില്‍ക്കുന്ന എംഎല്‍എ...

നജീബ് കാന്തപുരം നടത്തുന്ന തട്ടിപ്പ് മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്തു വരുന്നത്!സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നില്‍ക്കുന്നത് ബിജെപി - കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എംഎല്‍എ മുസ്ലിം ലീഗിന്റെ ശ്രീ നജീബ് കാന്തപുരം ആണ് എന്നതിന് തെളിവുകള്‍ പുറത്തു വരികയാണ്. നജീബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കള്ളപ്പണം വെളുപ്പിച്ച് എടുക്കാന്‍ ഉള്ള ഒരു വഴി മാത്രമല്ല എന്നുവേണം മനസ്സിലാക്കാന്‍.

പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎല്‍എ തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്‍കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി എംഎല്‍എ, ഒരേ സമയം ആളുകളില്‍ നിന്ന് പണം തട്ടിക്കാനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭീമമായ ഫണ്ടുകള്‍ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ട്. എംഎല്‍എ ക്ക് ഈ തട്ടിപ്പില്‍ നിന്ന് കൈകഴുകാന്‍ പറ്റാത്തവിധം വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും.

പറഞ്ഞു പറ്റിച്ച ആളുകള്‍ക്ക് എംഎല്‍എ തന്റെ സ്വന്തം പോക്കറ്റില്‍ നിന്നോ, ഫൗണ്ടേഷന്റെ പേരില്‍ നടക്കുന്ന വെട്ടിപ്പ് പണത്തില്‍ നിന്നോ, ഇനി മുസ്ലിം ലീഗിന്റെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് തന്നെയോ തുക മടക്കി നല്‍കും എന്ന അവകാശവാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതണ്ട. തട്ടിപ്പ് പരിപാടിക്ക് പോയി ഉദ്ഘാടകന്‍ ആയതോ, പോസ്റ്ററില്‍ ഫോട്ടോ വന്നതോ അല്ല എംഎല്‍എ ചെയ്ത ഗുരുതരമായ കുറ്റം. താന്‍ നേരിട്ട് നടത്തുന്ന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഈ തട്ടിപ്പിന് ആളെ ചേര്‍ക്കുന്ന വിധം ഗുണഭോക്താക്കളെ നേരിട്ട് തെരഞ്ഞെടുത്ത്, അവരില്‍ നിന്ന് പണം കൈപ്പറ്റിയതിന്റെ തെളിവുകള്‍ പുറത്ത് വരും. കോടികള്‍ വരും ഈ പിരിച്ചെടുത്തത്.

എഎന്‍ രാധാകൃഷ്ണന്‍ തന്റെ ഫൗണ്ടേഷന്‍ വഴി നടത്തിയ അതേ തട്ടിപ്പ് തന്നെയാണ് നജീബ് കാന്തപുരം എംഎല്‍എ യും നടത്തിയിരിക്കുന്നത്. എംഎല്‍എ പദവി ദുരുപയോഗം ചെയ്തതിന്റെ അടക്കം നിയമപരമായ എല്ലാ വശങ്ങളും അന്വേഷണത്തിന് വിധേയമാക്കണം. മുദ്ര ഫൗണ്ടേഷന്റെ പേരില്‍ മറ്റു തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. ലീഗിന്റെ അഭിവന്ദ്യനായ ഹൈദരാലി ശിഹാബ് തങ്ങളുടെ അടക്കം പേര് ദുരുപയോഗം ചെയ്തു തന്നെ ഈ തട്ടിപ്പിന് ആളെ കൂട്ടണമായിരുന്നോ? മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കണ്ട തന്റെ നാട്ടുകാരെ ഇങ്ങനെ പറഞ്ഞു പറ്റിക്കണമായിരുന്നോ ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com