

കൊച്ചി: സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരില്‍ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു. ചെറുപ്പം മുതലേ അഭിഭാഷകയാകണമെന്നായിരുന്നു ആഗ്രഹം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ് എല്‍എല്‍ബി എടുക്കുന്നത്. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് കൃത്യമായി സംസാരിച്ചത്. ഇഷ്ടപ്പെട്ട വഴിയിലൂടെ മുന്നോട്ട് പോകാന്‍ കുടുംബം പിന്തുണ നല്‍കിയിരുന്നു. എന്തു കാര്യവും നീ ഞങ്ങളോട് ആണ് പറയേണ്ടത് എന്ന് അച്ഛനും അമ്മയും പറഞ്ഞത് വലിയ ആശ്വാസമായെന്നും പത്മ പറഞ്ഞു.
മുന്നോട്ടുളള യാത്രയില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകരുതെന്ന് തീരുമാനിച്ചിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കിയാല്‍ തന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് അവര്‍ക്ക് പേടിയുണ്ടാകില്ലെന്ന് വിശ്വസിച്ചു. കുടുംബവുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയിരുന്നു. ട്യൂഷനെടുത്തും, ഇന്‍ഷുറന്‍സ് ഏജന്റായും, പിഎസ്‌സി ബുളളറ്റിന്‍ വിറ്റുമാണ് ചെലവിനുളള തുക കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും പത്മലക്ഷ്മി പറഞ്ഞു.
പ്രാക്ടീസിന് ശേഷം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷകള്‍ എഴുതാനാണ് തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുളളവര്‍ക്ക് തന്റെ പക്കലുളള പുസ്തകങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പത്മലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അഭിനന്ദിച്ച് മന്ത്രി പി രാജീവ്
പത്മലക്ഷ്മിയെ അഭിനന്ദിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രംഗത്തെത്തി. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ മുന്‍ഗാമികളില്ല. തടസങ്ങള്‍ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തില്‍ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേര്‍ത്തിരിക്കുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നീതിക്കായുള്ള പോരാട്ടത്തില്‍ ഏത് ഭാഗത്ത് നില്‍ക്കണമെന്ന് പത്മലക്ഷ്മി കടന്നുവന്ന വഴികള്‍ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്രയില്‍ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന പത്മലക്ഷ്മിയുടെ വാക്കുകള്‍ അത്രമേല്‍ മൂര്‍ച്ചയുള്ളതാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള കൂടുതലാളുകള്‍ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നതിന് പത്മലക്ഷ്മിയുടെ ജീവിതം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. അഡ്വ. പത്മലക്ഷ്മിയെയും ഇന്നലെ എന്റോള്‍ ചെയ്ത 1528 അഭിഭാഷകരെയും ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ പത്തുകോടിയുടെ സമ്മര്‍ ബമ്പര്‍ അസം സ്വദേശിക്ക്; സിനിമ താരം രജനി ചാണ്ടിയുടെ സഹായി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates