

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ അടർത്തിമാറ്റി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ നീക്കം ഏകപക്ഷീയവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സതേൺ റെയിൽവേയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ മംഗലാപുരം ജങ്ഷനെ ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെയും ഭാവി വികസന പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കും.
നിലവിൽ സതേൺ റെയിൽവേയുടെ പരിധിയിലുള്ള ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള തന്ത്രപ്രധാനമായ റെയിൽവേ പാതകൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിപ്പിക്കുന്നതിലൂടെ സതേൺ റെയിൽവേയ്ക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുക. സംസ്ഥാന സർക്കാരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെയും സംസ്ഥാനത്തെ മുൻകൂട്ടി അറിയിക്കാതെയുമാണ് പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനമെടുത്തത്. ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.
വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിക്കും. റെയിൽവേയുടെ ഏകപക്ഷീയമായ നീക്കത്തിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും ഔദ്യോഗികമായി കത്തയക്കും. കേരളത്തിൽ നിന്നുള്ള ലോക്സഭാ-രാജ്യസഭാ എം.പിമാരുടെ പൂർണ്ണ സഹകരണത്തോടെ പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനും തീരുമാനം പുനഃപരിശോധിപ്പിക്കാൻ കേന്ദ്രത്തിന് മേൽ സംയുക്ത സമ്മർദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates