

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി. നോമ്പ് കാലമാണെങ്കിലും തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കണമെന്നും വിശ്രമിക്കാനനായി മസ്ജിദും വീടുകളും അവരുടെ മുന്നില്‍ തുറക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജുമാ നമസ്കാര സമയത്തായിരുന്നു ഇമാം ഇക്കാര്യം പറഞ്ഞത്.
''എനിക്ക് ഇന്ന് എൻ്റെ പ്രിയ സഹോദരീ സഹോദരൻമാരോട് പ്രത്യേകമായ ഒരു കാര്യം പറയാനുണ്ട്. അടുത്ത ദിവസം ആറ്റുകാൽ പൊങ്കാലയാണ്. ലക്ഷക്കണക്കിനു ഹൈന്ദവ സഹോദരിമാരും നിരവധി കുട്ടികളും ഈ തലസ്ഥാന നഗരത്തിലേക്ക് എത്തും. നമ്മൾ റമദാൻ നോമ്പിലാണ് എന്നതു ശരി തന്നെ. പക്ഷേ, പൊങ്കാലയിടാൻ വരുന്ന സഹോദരിമാർക്കും കുട്ടികൾക്കും, പ്രത്യേകിച്ചും ഈ കൊടുംചൂടുകാലത്ത്, വെള്ളവും ഭക്ഷണവും നൽകാൻ അതൊരു തടസ്സമായിക്കൂടാ'' ഇമാം പറഞ്ഞു.
വർഷങ്ങളായി നമ്മൾ ചെയ്യുന്ന കാര്യമാണിത്. കഴിഞ്ഞ തവണയും റമദാൻ നോമ്പും ആറ്റുകാൽ പൊങ്കാലയും ഒന്നിച്ചാണു വന്നത്. അന്നും നമ്മൾ സാഹോദര്യത്തിൻ്റെ പതിവു രീതികളിൽ ഒരു മാറ്റവും വരുത്തിയില്ല.അത് കൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്കായി നമ്മുടെ പള്ളികളും വീടുകളും തുറന്നിടണം എന്നും അദ്ദേഹം വ്യക്തമാക്കി.
''മനുഷ്യരെ തമ്മിൽ സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ അകറ്റാൻ ശ്രമിക്കുന്ന നിഷേധാത്മക ശക്തികൾക്കും ഇസ്‌ലാമോ ഫോബിയയ്ക്കും നമ്മൾ ഇങ്ങനെയാണ് മറുപടി നൽകേണ്ടത്. സാഹോദര്യത്തിൻ്റെ ചേർത്തുപിടിക്കൽ കൊണ്ട് ആറ്റുകാൽ പൊങ്കാലയെ ഇത്തവണയും നമ്മൾ സുന്ദരവും മനസ്സുകളെ നിറയ്ക്കുന്നതുമായ അനുഭവമാക്കി മാറ്റും'' എന്നും പാളയം പള്ളി ഇമാം സുഹൈബ് മൗലവി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates