

പത്തനംതിട്ട: എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. നവംബര്‍ 30നാണ് ഇരുവരും പുതിയ ജീവിതത്തിന് തുടക്കമിട്ടത്. പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. സന്തോഷത്തിന്റെ ആദ്യ നാളുകളില്‍ തന്നെ വിധി ഇരുവരുടെയും ജീവന്‍ അപഹരിച്ചത് നാടിന് ഒന്നാകെ നൊമ്പരമായിരിക്കുകയാണ്.നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജന്മദിനം ആഘോഷിക്കാനിരിക്കേ എത്തിയ ദുരന്തവാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ തേങ്ങുകയാണ് ബന്ധുക്കള്‍.
മലേഷ്യയില്‍ മധുവിധു കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിധി മറ്റൊന്നായത്. മല്ലശേരി സ്വദേശികളായ ദമ്പതികളും കുടുംബവും സഞ്ചരിച്ച കാര്‍ ഇന്ന് പുലര്‍ച്ചെ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലിടിച്ചാണ് അപകടം ഉണ്ടായത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്ല് ജംഗ്ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു അപകടം. അനുവിന്റെ പിതാവ് ബിജു പി ജോര്‍ജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനുമാണ് മരിച്ച മറ്റു രണ്ടുപേര്‍.
നവദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. തിങ്കളാഴ്ചയാണ് ദമ്പതികള്‍ മലേഷ്യയിലേക്ക് പോയത്. നിഖില്‍ കാനഡയില്‍ ക്വാളിറ്റി ടെക്‌നീഷ്യനാണ്. അനു മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജനുവരിയില്‍ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഒരേ ഇടവകക്കാരുമാണ്.
ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി മാനേജരാണ് പട്ടാളത്തില്‍നിന്ന് വിരമിച്ച ബിജു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates