പെരിയാര്‍ തീരവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നു; അണക്കെട്ട് തുറക്കല്‍ മുന്നൊരുക്ക നടപടി തുടങ്ങി; വള്ളക്കടവിൽ അനൗൺസ്മെന്റ്; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍
തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ച പശ്ചാത്തലത്തില്‍ ഇടുക്കി ഉപ്പുതറ പെരിയാര്‍ തീര നിവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. 60 വയസ്സുകഴിഞ്ഞവര്‍, കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 883 കുടുംബങ്ങളെ മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇരുപതോളം ക്യാമ്പുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് അനുസരിച്ച് ജനങ്ങളെ മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഉന്നതതല യോഗം ചേരും
അണക്കെട്ട് തുറന്നാല്‍ പെരിയാര്‍ തീരവാസികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും. മുല്ലപ്പെരിയാറില്‍ ഒരു ആശങ്കയും വേണ്ട. എല്ലാ സുരക്ഷാക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജരാണ്. റവന്യൂ, പൊലീസ്, എന്‍ഡിആര്‍എഫ് സംഘങ്ങളെല്ലാം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. വൈകിട്ട് മുല്ലപ്പെരിയാറില്‍ ഉന്നതതല യോഗം ചേരുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് റവന്യൂ മന്ത്രി
ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് റവന്യൂ മന്ത്രി കെ. രാജനും വ്യക്തമാക്കി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിര ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ മാറ്റാനുള്ള നടപടി മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കും.
ജലനിരപ്പ് 138 അടിയായാല്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന് രാവിലെ വള്ളക്കടവ് പ്രദേശത്ത് ജില്ലാഭരണകൂടം മൈക്കിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കി. പുലര്‍ച്ചെ മൂന്നുമണിക്കാണ് അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നത്. ഇതേത്തുടര്‍ന്ന് രണ്ടാം വാണിംഗും പുറപ്പെടുവിച്ചു. നിലവില്‍ 138.05 അടിയാണ് ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായിട്ടുണ്ട്.
അണക്കെട്ട് തുറക്കുമ്പോള്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ 20 മിനിറ്റ് കൊണ്ട് ജനവാസകേന്ദ്രമായ വള്ളക്കടവിലേക്ക് വെള്ളം ഒഴുകിയെത്തുമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് മഞ്ചുമല, വണ്ടിപ്പെരിയാര്‍, മ്ലാമല, ശാന്തിപ്പാലം, ചപ്പാത്ത്, ആലടി, ഉപ്പുതറ, ആനവിലാസം, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വഴിയാണ് ഇടുക്കി ജലാശയത്തിലെത്തുന്നത്.
ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, മഞ്ചുമല, അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍, ആനവിലാസം എന്നിവിടങ്ങളില്‍നിന്ന് 3,220 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടിവരിക. രാവിലെ ഏഴ് മണിക്ക് വെള്ളം ഒഴുക്കിവിട്ടാല്‍ വെള്ളം ഇടുക്കി ഡാമില്‍നിന്ന് 35 കി.മീ അകലെയുള്ള അയ്യപ്പന്‍ കോവിലില്‍ ഉച്ചയ്ക്ക് 12 മണിക്ക് എത്തും. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിലൂടെയാവും ആവശ്യം വന്നാല്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
