

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതകഥ പറയുന്ന പിണറായി ദി ലൈജന്‍ഡ് ('Pinarayi the Legend') ഡോക്യുമെന്ററി പ്രകാശനം ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം കമല്‍ഹാസന്‍ ഡോക്യുമെന്ററി പ്രകാശനം നിര്‍വഹിച്ചു. പിണറായി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷനാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ഒരു ഗാനമുള്‍പ്പടെ 30 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നത് കേരള ജനതയ്ക്ക് കണ്ടറിയാനുള്ള അവസരമൊരുക്കിയ നേതാവ്. പകരക്കാരനില്ലാത്ത ഒരേ ഒരു നേതാവ്. സഖാവ് പിണറായി വിജയന്‍. ഭൂമിയില്‍ കുരുത്ത സ്വപ്‌നങ്ങള്‍ക്ക് ആകാശം തുറന്ന നേതാവിന്റെ കുട്ടിക്കാലം പ്രതിസന്ധികളോട് സന്ധിയില്ലാതെ പൊരുതിയ ജീവിതസമരം തന്നെയായിരുന്നു' ഇങ്ങനെ ആരംഭിക്കുന്ന ഡോക്യുമെന്ററി അവസാനിക്കുന്നത് ഇങ്ങനെ; വികസനത്തിന്റെ അവസരത്തിന്റെ പുരോഗതിയുടെ പിന്നോട്ടില്ലാത്ത പ്രയാണമാണ് ചെങ്കൊടി പാറുമീ ഭരണത്തുടര്‍ച്ച. വളഞ്ഞുപുളഞ്ഞുവരുന്ന നുണകള്‍ക്കിടയില്‍ നേരിന്റെ നേര്‍രേഖയായി ഒരാള്‍ മൂന്നാമൂഴത്തിന്റെ ചെങ്കാടി വിണ്ണില്‍ പാറിക്കും'
അനീതിക്കെതിരായുള്ള പോരാട്ടം തൊഴിലായി മാറരുത്, അത് കടമയാണെന്ന് ഡോക്യുമെന്ററി പ്രകാശനശേഷം കമല്‍ ഹാസന്‍ പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതില്‍ താനും പിണറായിയും സഖാക്കള്‍ ആണ്. പിണറായിയെ പോലുള്ള മഹാനായ നേതാവിന്റെ പിന്‍ഗാമി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനമാണെന്നും അദേഹം ആഗ്രഹിക്കുന്നതുപോലെ കേരളം വളരണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
കേരളീയരുടെ മനസ്സില്‍ സ്ഥിരതാമാസമാക്കിയ ചലച്ചിത്രകാരനാണ് കമല്‍ ഹാസനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ മനസ്സിന്റെ ഉടമയാണ്. ജനങ്ങളെ കുറിച്ച് കരുതലുള്ള ഇടതുപക്ഷ മനസുള്ള ആളാണ് അദ്ദേഹം. കേരളം കമല്‍ഹാസന് സ്വന്തം വീട് തന്നെയാണ്. സ്വന്തം വീട്ടിലേക്ക് ആരെയും സ്വാഗതം ചെയ്യേണ്ട. താന്‍ സ്വന്തം കഴിവില്‍ നാട്ടില്‍ പ്രവര്‍ത്തിച്ചു വളര്‍ന്നു വന്ന ആളല്ല. തന്റെ പാര്‍ട്ടിയുടെ ഉല്‍പ്പന്നം ആണ് താന്‍. പാര്‍ട്ടി എന്താണോ ആഗ്രഹിക്കുന്നത് അതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.
ഡോക്യുമെന്ററിയില്‍ അമ്മയുടെ പേര് തെറ്റായിട്ടാണ് കാണിച്ചത്. അമ്മയുടെ പേര് ആലക്കാട്ട് കല്യാണി എന്നാണ്. തെറ്റായി കൊടുക്കുന്നത് അമ്മയോടുള്ള നീതികേടാണ്. പാര്‍ട്ടിയുടെ പ്രതീകമായി നില്‍ക്കുന്ന ആളാണ് താന്‍. അതുകൊണ്ട് തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ല. അത് പാര്‍ട്ടിക്കെതിരെ ഉണ്ടാകുന്നതാണ്. നവകേരളം ഏതെങ്കിലും ഒരു കാലത്ത് നടക്കേണ്ടതല്ല. യാഥാര്‍ത്ഥ്യമാക്കാനുള്ള ഓരോ നടപടിയും സ്വീകരിച്ചു വരുന്നു. 9 വര്‍ഷക്കാലം അഭിമാനകരമായ പുരോഗതി കേരളം കൈവരിച്ചു. അത് നമുക്കിനിയും മുന്നോട്ടുകൊണ്ടുപോകാന്‍ ആകണം. ജനങ്ങള്‍ ഭരണത്തിന്റെ സ്വാദ് ശരിയായ രീതിയില്‍ അറിയുന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ അഴിമതി രഹിതരാണെന്ന സല്‍പ്പേര് ഉണ്ട്. ഫയലുകള്‍ കൂടി തീര്‍പ്പാക്കി നിങ്ങള്‍ അത് ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി ശിവന്‍കുട്ടി, എംപി എംഎ റഹീം, സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates