മനസിനോട് ചേര്‍ന്ന് നിന്ന സഖാവ്; നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്; പിണറായി വിജയന്‍

കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. 
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
Updated on
1 min read

തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

സഖാവ് കാനത്തിന്റെ  വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍, തൊഴിലാളിവര്‍ഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതില്‍, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതില്‍, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തു രക്ഷിക്കുന്നതില്‍ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്. 

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്ന കേരളത്തിന്റെ അനിഷേധ്യ നേതാക്കളില്‍ ഒരാളായ കാനം എന്നും നിസ്വജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയില്‍ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും ശ്രദ്ധിച്ച നേതാവാണ് കാനം. വിദ്യാര്‍ത്ഥി യുവജന തൊഴിലാളി മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ പല ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതിന്റെ അനുഭവസമ്പത്ത് സിപിഐ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് വലിയ അടിത്തറയൊരുക്കി. 

നിയമസഭയില്‍ അംഗമായിരുന്ന കാലയളവില്‍ ജനജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയില്‍ അവതരിപ്പിച്ചിരുന്നു. നിയമനിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്തു നിലകൊണ്ടു. ശ്രദ്ധേയനായ നിയമസഭാ സാമാജികന്‍, കരുത്തനായ സംഘാടകന്‍, മികച്ച വാഗ്മി, പാര്‍ട്ടി പ്രചാരകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയനായിരുന്നു കാനം. 

സിപിഐ, സിപിഎം ബന്ധം ദൃഢമാക്കുന്നതിലും അദ്ദേഹം എന്നും ശ്രദ്ധ വെച്ചു. വ്യക്തിപരമായ നിലയില്‍ നോക്കിയാല്‍ പല പതിറ്റാണ്ട് രാഷ്ട്രീയ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ നിരവധി ഓര്‍മ്മകള്‍ ഈ നിമിഷത്തില്‍ മനസ്സില്‍ വന്നു നിറയുന്നുണ്ട്. പലതും വൈകാരിക സ്പര്‍ശമുള്ളവയാണ്. മനസ്സിനോട് വളരെയേറെ ചേര്‍ന്നുനിന്ന സുഹൃത്തും സഖാവും ആയിരുന്നു കാനം എന്നു മാത്രം പറയട്ടെ.

ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലത്തിന്റെ ഏറ്റവും വലിയ ആവശ്യകതയായ ഒരു ഘട്ടത്തിലാണ് കാനത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. നികത്താനാവാത്ത നഷ്ടമാണിത്. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. 

ഇടതുപക്ഷത്തിന്റെ എന്നല്ല കേരളത്തിന്റെ പൊതുവായ നഷ്ടമാണിത്. നിസ്വാര്‍ത്ഥനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിനു നഷ്ടമായത്. സിപിഐയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. കേരള ജനതയുടെയാകെ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com