'പറഞ്ഞത്‌ വിടുവായന്‍ പറയേണ്ട കാര്യം', വിഷമല്ല, കൊടുംവിഷം; രാജീവ് ചന്ദ്രശേഖറിനെതിരെ പിണറായി

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും മാനം ഉണ്ടോ എന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്, ടിവി ദൃശ്യം
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്, ടിവി ദൃശ്യം
Updated on
2 min read

കൊച്ചി:  കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും മാനം ഉണ്ടോ എന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ മാര്‍ട്ടിന്‍ സമ്മതിച്ച കാര്യങ്ങള്‍ ഉണ്ട്. ഇതിന് പുറമേ ഇതില്‍ മറ്റെന്തെങ്കിലും മാനം ഉണ്ടോ എന്ന കാര്യം സ്വാഭാവികമായി അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും. അന്വേഷണത്തില്‍ ഒന്നും അടഞ്ഞ അധ്യായമല്ല. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. നിലവില്‍ അന്വേഷണം നല്ലനിലയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിജിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ടീമാണ് അന്വേഷിക്കുന്നത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കളമശേരിയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം വിലയിരുത്തുന്നത്. കേരളത്തിന്റെ പ്രത്യേകത സൗഹാര്‍ദ്ദവും സാഹോദര്യവുമാണ്. ഇത് കാത്തുസൂക്ഷിക്കണം. അതിന് പോറലേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് ഒരുതരത്തിലും സമൂഹം പിന്തുണ നല്‍കരുത്. അവരെ ഒറ്റപ്പെടുത്തണം. സര്‍വകക്ഷിയോഗത്തില്‍ എല്ലാവരും യോജിച്ച നിലപാടാണ് സ്വീകരിച്ചത്. മാധ്യമങ്ങളും നല്ലനിലയിലാണ് കാര്യങ്ങള്‍ എടുത്തത്. ഔദ്യോഗിക വിവരങ്ങള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന നിര്‍ദേശം മാധ്യമങ്ങള്‍ സ്വീകരിച്ചു. ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദേശം മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇക്കാര്യത്തിലും കേരള നല്ല മാതൃകയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണ നിലയ്ക്ക് വിടുവായന്‍ പറയേണ്ട കാര്യങ്ങളാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം വേണം. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെതായ രീതിയാണ് സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള നിലപാട് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല. കേന്ദ്രമന്ത്രി ചീറ്റിയത് വെറും വിഷമല്ല, കൊടുംവിഷമാണ്. എന്തുകൊണ്ട് ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഉണ്ടായെന്ന് അറിയില്ല?, കേരളത്തിന്റേതായ തനിമ തകര്‍ക്കല്‍ ഉദ്ദേശിച്ചുള്ള വാര്‍ത്തകളാണ് ഇതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഒരു മറയുമില്ലാതെ പ്രചരിപ്പിച്ചത്. പ്രത്യേക വിഭാ​ഗത്തെ താറടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. രാജീവും കൂട്ടാളികളും ആ മാനസികാവസ്ഥയില്‍ നില്‍ക്കുന്നവരാണ്. എന്നാല്‍ കേരളം അങ്ങനെയല്ല. കേരളം എല്ലാക്കാലത്തും സൗഹാര്‍ദ്ദവും സാഹോദര്യവും കാണിച്ചിട്ടുണ്ട്. ഒരു വര്‍ഗീയതയോടും വീട്ടുവീഴ്ച കാണിക്കാറില്ല.മതനിരപേക്ഷതയുടെ തുരുത്താണ് കേരളം.രാജ്യവും ലോകവും ഇത് കാണുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വികലമായ മനസ് കാരണം ഇത് പറ്റുന്നില്ല. കേരളത്തിന്റെ തനിമയെ തകര്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രദ്ധിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ക്കെതിരെ കേസെടുക്കാനാണ് കേന്ദ്രം നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ആ മാനസികാവസ്ഥ വച്ചാണ് രാജീവ് ചന്ദ്രശേഖറും കൂട്ടാളികളും സംസാരിക്കുന്നത്. പലസ്തീന്‍ പോരാളി എന്ന് പറയുന്ന ഒരാള്‍ സംസാരിച്ചത് സോളിഡാരിറ്റിയുടെ പരിപാടിയിലാണ്. പൊതുയോഗങ്ങള്‍ക്ക് സാധാരണ നല്‍കുന്ന അനുമതിയാണ് ഈ പരിപാടിക്കും നല്‍കിയത്. ചെയ്യാന്‍ പാടില്ലാത്തത് വല്ലതും നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com