

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളെന്ന നേട്ടം അടുത്തമാസം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 4,76,076 വീടുകള്‍ ലൈഫ് വഴി പണി പൂര്‍ത്തിയാക്കി കൈമാറി. അത്രയും കുടുംബങ്ങളാണ് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറിയത്. 1,24,471 വീടുകളാണ് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഫെബ്രുവരിയില്‍ അഞ്ചു ലക്ഷം വീടുകളും പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2026ല്‍ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി ഭവനമില്ലായ്മയെ മറിച്ചു കടക്കലാണ് എന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തില്‍ അഞ്ചില്‍ ഒരാള്‍ പാര്‍പ്പിടമില്ലാതെ കഷ്ടപ്പെടുകയാണ്. ലോകത്ത് മതിയായ പാര്‍പ്പിട സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ ഏകദേശം 160 കോടിയോളം വരുമെന്നാണ് കണക്ക്. ഒരു തുണ്ട് ഭൂമി ഇല്ലാത്തവരെ മുതല്‍ സ്വന്തം ഭൂമിയില്‍ തുടങ്ങി വെച്ച വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ വരെ ഉള്‍പ്പെടുത്തിയാണ് ലൈഫ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ പല ഭവനപദ്ധതികളും നാമമാത്രമായ തുക മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നത്. ആവാസയോഗ്യമായ വീടുകള്‍ പണിയണമെങ്കില്‍ പണം മറ്റു വഴികളിലൂടെ കണ്ടെത്തേണ്ട സ്ഥിതിയാണ്. ലൈഫ് മിഷന് കീഴില്‍ വീട് നിര്‍മിക്കാന്‍ പര്യാപ്തമായ തുക യാഥാര്‍ഥ്യബോധത്തോടെ കണക്കാക്കി അത് കൈമാറി.
ഭവന നിര്‍മാണത്തിന് നാല് ലക്ഷം രൂപ നല്‍കുന്നു. നിര്‍മാണസാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴിലാളികളെ ലഭ്യമാക്കിയുമെല്ലാം വീണ്ടും സഹായമെത്തിക്കുന്നുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടതും ആലംബഹീനരുമായവരെ കണ്ടെത്തി അവര്‍ക്കാണ് ആദ്യം വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍, അഗതികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, അവിവാഹിതരായ അമ്മമാര്‍, അപകടത്തില്‍പ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിയാത്തവര്‍, വിധവകള്‍ ഇവര്‍ക്കൊക്കെയായിരുന്നു മുന്‍ഗണന.
ജനങ്ങള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതാണോ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങി സ്വകാര്യ മൂലധനത്തിന് വഴിമാറലാണോ ഒരു സര്‍ക്കാരിന്റെ കടമ എന്നത് ലോകത്താകെ പ്രസക്തമായ മൗലികമായ ഒരു രാഷ്ട്രീയ ചോദ്യമാണ്. ആ ചോദ്യത്തെ ലൈഫ് മിഷന്‍ പോലുള്ള സമഗ്രമായ ജനകീയ പദ്ധതികള്‍ വഴിയാണ് എല്‍ഡിഎഫ് അഭിസംബോധന ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates