മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

ദുരന്തനിവാരണത്തിൽ സർക്കാരിന് ഗുരുതര വീഴ്ച; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Pinarayi Vijayan
പിണറായി വിജയൻടി പി സൂരജ് / എക്സ്പ്രസ് ഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണത്തിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ പ്രവർത്തനങ്ങളെ അതിരൂക്ഷമായി വിമർശിച്ചത്.ദുരന്തനിവാരണത്തിലെ അനാസ്ഥയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തത് വേദനാജനകമാണെന്ന് കുറിച്ച അദ്ദേഹം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ അടിയന്തരമായി ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു

റാന്നിയിൽ കൃത്യമായ മുന്നറിയിപ്പുകളില്ലാതെ പെട്ടെന്ന് ഡാം തുറന്നുവിട്ടത് ജനങ്ങളെയും വ്യാപാരികളെയും കടുത്ത ദുരിതത്തിലാക്കിയെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പെട്ടെന്ന് വെള്ളം കയറിയതോടെ കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ പോലും വ്യാപാരികൾക്ക് സമയം ലഭിച്ചില്ല. ഇതിന്റെ പേരിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നത്

സംസ്ഥാനത്തൊട്ടാകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരാണ് നിലവിൽ കഴിയുന്നത്. എന്നാൽ ഈ ക്യാമ്പുകളിലെ ഭക്ഷണവിതരണത്തിൽ പോലും വീഴ്ചയുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് പലയിടത്തും ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നത്. ആയിരക്കണക്കിന് മനുഷ്യർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഈ സാഹചര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷം

ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, മതിയായ നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. അതോടൊപ്പം ഉണ്ടായ വീഴ്ചകൾ പരിശോധിച്ച് അവ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Summary

Opposition Leader Pinarayi Vijayan has strongly criticised the state government for its alleged negligence and lack of coordination in managing the rain disaster in Kerala. Pointing out the unannounced opening of a dam in Ranni, which caused huge losses to traders, and highlighting the government's failure to provide adequate food in relief camps, he demanded urgent and efficient intervention to overcome the crisis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pinarayi vijayan
Kanagelu team’s final analysis report for the 2026 Kerala Assembly elections
pinarayi vijayan
പിണറായി നിയമസഭ
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com