

ദമാം: യുഡിഎഫിന്റെ യുവജന നേതാക്കള്‍ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയ സംസ്‌കാരം കൊണ്ടുവരികയാണെന്ന കെടി ജലീല്‍ എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ പി കെ ഫിറോസ്. രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ലെന്നാണ് യൂത്ത് ലീഗ് നേതാവിന്റെ പരാമര്‍ശം. യൂത്ത് കോണ്‍ഗ്രസ് വയനാട്ടില്‍ വീട് വെക്കാന്‍ പണം പിരിച്ചത് വിവാദമായി, യൂത്ത് ലീഗ് പണം പിരിച്ചാല്‍ പിന്നീട് നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്നു എന്ന കെ ടി ജലീലിന്റെ വിമര്‍ശനത്തിലായിരുന്നു ഫിറോസിന്റെ മറുപടി. ദമാമില്‍ കെഎംസിസി വേദിയിലായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം.
ലീഗിന്റെ വിശ്വാസ്യതയാണ് സിപിഎമ്മിന് പ്രശ്നം. ആ വിശ്വാസ്യതയില്‍ പോറല്‍ ഏല്‍പ്പിക്കാനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്നു തന്റെ പിതാവ്, പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു, ബിസിനസുകാരന്‍ കൂടിയായിരുന്നു. പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവ് ആണ് മാതൃക, ഫിറോസ് പറഞ്ഞു. അഭിമാനത്തോടെ ഇത് പറയുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മനുഷ്യരെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പികെ ഫിറോസ്, പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നത് എന്നുള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു പി കെ ഫിറോസിനെതിരെ കെ ടി ജലീല്‍ ഉന്നയിച്ചത്. മാസം 5.25 ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്ന് ആരോപിച്ച ജലീല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടു. 2021 ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിച്ചു.
മുസ്ലിം ലീഗിന്റെ പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നത്. ദോത്തി ചലഞ്ച് എന്ന പേരില്‍ 200 രൂപ പോലും ഇല്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയത്, വന്‍തട്ടിപ്പാണ് ഇതിലൂടെ നടന്നത്. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകളെല്ലാം തരുന്നതെന്നും ജലീല്‍ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates