

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് മഹിളാ അസോസിയഷന്‍ നേതാക്കളായ പികെ ശ്രീമതിയും സിഎസ് സുജാതയും. ദുര്‍ഗയിലെ ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. അറസ്റ്റ് ചെയ്തതില്‍ വീഴ്ച പറ്റിയതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇന്നുതന്നെ അവരെ പുറത്തിറക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന്് ഉണ്ടാകണമെന്ന് പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
കന്യാസ്ത്രീമാരുടെ ജയില്‍വാസത്തില്‍ ക്രെഡിറ്റ് എറ്റെടുക്കാന്‍ മത്സരം നടക്കുകയാണെന്നും പികെ ശ്രീമതി പറഞ്ഞു. രാജ്യത്ത് തീര്‍ത്തും അന്യായമായ കാര്യം നടക്കുമ്പോള്‍ യോജിച്ച് നില്‍ക്കുകയാണ് വേണ്ടത്. ഇന്ത്യാ മുന്നണി എന്ന ഒരു സംവിധാനം ഇവിടെയുണ്ട്. ഇടത് എംപിമാരോട് ആലോചിക്കാതെ യുഡിഎഫ് എംപിമാര്‍ ഛത്തീസ്ഗഡില്‍ വരികയായിരുന്നു. ഒരുമിച്ച് പോകാമെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞിട്ടും അവര്‍ കേട്ടില്ല. അവര്‍ മാത്രം ഇവിടെ വന്നിട്ട് തങ്ങളാണ് എല്ലാത്തിനും മുന്‍കൈ എടുത്തതെന്ന് വരുത്തിതിര്‍ക്കാനുള്ള നാടകം പോലെയായിപ്പോയി ഇതെന്നും ശ്രീമതി പറഞ്ഞു.
'എന്തിനാണ് ഞങ്ങളെ ജയിലിലടച്ചതെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന ഒന്നല്ല. ഒരു കുറ്റവും ചെയ്യാത്ത രണ്ടുപേരെ മതഭ്രാന്ത് പിടിപ്പെട്ട കുറെപ്പേര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി അറസ്റ്റ് ചെയ്തിട്ട് മനുഷ്യക്കടത്ത് എന്ന പേരില്‍ കുറ്റമാരോപിച്ച് ജയിലില്‍ അടയ്ക്കുകയെന്നത് വളരെ നിര്‍ഭാഗ്യകരമാണ്. അത് രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമേറ്റ കളങ്കമാണ്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ എത്രയും പെട്ടന്ന് തീരുമാനം അറിയിച്ചാല്‍ അവരെ എത്രയുംവേഗം ജയില്‍ മോചിതരാക്കാനാകും'- പികെ ശ്രീമതി പറഞ്ഞു.
അറസ്റ്റിലായ വന്ദന സിസ്റ്റര്‍ ഏഴുവര്‍ഷത്തിലേറെയായി നാരായണ്‍പൂരില്‍ പാവപ്പെട്ടവരെ സഹായിക്കുന്നുണ്ട്. പ്രായമായവരായതിനാല്‍ ജയിലില്‍ നിലത്തുകിടന്നതിന്റെ ഭാഗമായി അവര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെന്നും ശ്രീമതി പറഞ്ഞു. 'ജയിലില്‍ എത്തിയ ഞങ്ങളെ കെട്ടിപ്പിടിച്ച് അവര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് രണ്ടുസ്ത്രീകള്‍ വന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. അവര്‍ ഇന്ന് ജയില്‍ മോചിതയാകുമെന്ന് പ്രതീക്ഷിക്കാം' പികെ ശ്രീമതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
