തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ 'നാളൈതീര്‍പ്പി'ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കസറ്റുകള്‍ക്കു വേണ്ടിയും പാടി.
എആര്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തില്‍ കീഴില്‍ 'മിസ്റ്റര്‍ റോമിയോ'യില്‍ പാടിയ 'തണ്ണീരും കാതലിക്കും' വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ 'അമ്പിളിപൂവട്ടം പൊന്നുരുളി'എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. 'പഴശ്ശിരാജ'യിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', 'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ' 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ','അയ്യപ്പനും കോശിയി'ലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. 'കുരുതി'യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
കെബി സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സമ്മാനിച്ചു.
കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. ' അടുക്കളയില്‍ പണിയുണ്ട് 'എന്ന സിനിമയുടെ സംഗീത സംവിധാനവും അവർ നിർവഹിച്ചു.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വിജി സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങള്‍: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍. ശവ സംസ്‌കാരം വൈകീട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates