മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ല; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും; പ്രവര്‍ത്തകരുടെ വീര്യം കെടുത്തരുതെന്ന് മുസ്ലീം ലീഗ്‌

തെരുവില്‍ മുഖ്യമന്ത്രി സ്ഥാനം ചര്‍ച്ച ചെയ്യുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കലാണെന്ന് സലാം പറഞ്ഞു.
pma salam
പിഎംഎ സലാം
Updated on
1 min read

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ അതൃപ്തി തുറന്ന് പറഞ്ഞ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരുവില്‍ മുഖ്യമന്ത്രി സ്ഥാനം ചര്‍ച്ച ചെയ്യുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കലാണെന്ന് സലാം പറഞ്ഞു. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണമെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.

pma salam
'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി കഴിയണം. അതില്‍ ഭൂരിപക്ഷം വേണം. അതിനുശേഷമേ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച ആവശ്യമുള്ളു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ച ഉചിതമായ നടപടിയല്ല. ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മഹാത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. വോട്ടര്‍മാരുടെയും യുഡിഎഫ് പ്രവര്‍ത്തകരെയും നിരാശപ്പെടുത്തുന്ന നടപടിയിലേക്ക് നേതാക്കന്‍മാര്‍ പോകരുതെന്നും പിഎംഎ സലാം പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പും മത്സരിക്കാത്തവര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനവസരത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ല. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആര് ചുണ്ടിക്കാട്ടിയാലും അംഗീകരിക്കും. ലീഗ് യുഡിഎഫിന് പിന്തുണ നല്‍കും. നേതാക്കളെ തീരുമാനിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. അത് അവര്‍ തന്നെ ചെയ്യും. അഞ്ചിലേറെ മന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്. എന്നാല്‍ അത് ആവശ്യപ്പെടില്ലെന്നും പിഎംഎ സലാം പറഞ്ഞു

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഉടലെടുത്തിരിക്കുന്ന പരസ്യമായ അധികാര വടംവലിക്കെതിരെ എം.കെ. രാഘവന്‍ എം.പിയും രംഗത്തെത്തി. ഇത്തരം ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കുന്നതും നേതാക്കള്‍ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാര്‍ട്ടിയുടെ നിലവിലെ സാഹചര്യത്തില്‍ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കും തൃപ്തി നല്‍കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ്. സംഘടനാപരമായ എല്ലാ കാര്യങ്ങളിലും ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനമാണ് അന്തിമമെന്നും ഉചിതമായ സമയത്ത് അവര്‍ യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. തന്നോട് തോല്‍ക്കാന്‍ സാധ്യതയുള്ള സീറ്റില്‍ മത്സരിക്കാന്‍ ഒരു നേതാവ് ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി. എന്നാല്‍ ആ നേതാവിന്റെ പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാട് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും അത് അടഞ്ഞ അധ്യായമാണെന്ന് പറയുകയും ചെയ്തു.

യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ രാത്രിയും പകലും കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയായാണ് ഈ നീക്കങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു മുന്നണിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകരെ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ ഈ കസേരക്കളി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരിക്കലും ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവന്‍ തുറന്നടിച്ചു.

Summary

PMA Salam openly expresses dissatisfaction over the controversy regarding the Chief Minister post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com