പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി: ഹെഡ്മാസ്റ്റര്‍ക്ക് വീഴ്ച, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല, ഡിഡിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്
Pocso case
Pocso case - വ്‌ളോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ്Social Media
Updated on
1 min read

തിരുവനന്തപുരം: പോക്സോ കേസ് (Pocso case) പ്രതിയായ വ്‌ളോഗറെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവത്തില്‍ പ്രധാന അധ്യാപകന് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്.

പ്രവേശനോത്സവത്തിലെ പോക്‌സോ കേസ് പ്രതിയുടെ സാന്നിധ്യം ഉണ്ടായതില്‍ പ്രധാന അധ്യാപകന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല. വിവാദ വ്യക്തിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് പരിപാടിയുടെ സ്‌പോണ്‍ര്‍ ആകാം. എന്നാല്‍ വിഷയത്തില്‍ മതിയായ കരുതല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഡിഡിയുടെ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ഡിജിഇ മടക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിഷയത്തില്‍ ആര്‍ക്കാണ് വീഴ്ച സംഭവിച്ചത് എന്നും ആര്‍ക്കെല്ലാം എതിരെ നടപടി വേണമെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഡിജിഇയുടെ നടപടി.

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട അതേ ദിവസം തന്നെ സ്‌ക്കൂളില്‍ അതിഥിയായി പോക്‌സോ പ്രതി എത്തിയ സംഭവം വലിയ വിമര്‍ശനം നേരിട്ടിരിന്നു. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

റീല്‍സ് ഷൂട്ടിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ്. ഇയാള്‍ക്കെതിരെ കോവളം സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. എന്നാല്‍ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നെന്നും സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pocso case
Kerala High Court
Supreme Court
POCSO case against Sports Council coach
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com