

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല ശിക്ഷാനടപടി സ്വീകരിച്ചിരുന്നുവെന്ന് റേഞ്ച് ഡിഐജി എസ് ഹരിശങ്കര്‍. ആക്ഷേപം ഉയര്‍ന്നപ്പോള്‍ അന്ന് അന്വേഷിച്ചിരുന്നു. അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കെതിരെ ശിക്ഷ നല്‍കിയതായാണ് രേഖകളില്‍ കാണുന്നതെന്ന് ഡിഐജി ഹരിശങ്കര്‍ പറഞ്ഞു.
പരാതിക്കാരന്‍ നേരിട്ട് കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ ഒരാളെയും മര്‍ദ്ദിക്കാന്‍ പാടില്ല എന്നതു തന്നെയാണ് പൊലീസിന്റെ നയം. അക്കാര്യം പരമാവധി താഴേത്തട്ടിലേക്ക് അറിയിക്കുന്നുമുണ്ട്. 62,000 പേര്‍ ജോലി ചെയ്യുന്ന സേനയാണ് പൊലീസ്. അതില്‍ കേവലം രണ്ടോ മൂന്നോ പേര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ദൃശ്യങ്ങളിലുള്ളത്. അതുവെച്ച് പൊതുവല്‍ക്കരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ഡിഐജി ഹരിശങ്കര്‍ അഭ്യര്‍ത്ഥിച്ചു.
സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ കാട്ടാളന്മാരാണെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. മര്‍ദ്ദനത്തില്‍ സുജിത്തിന്റെ നഷ്ടപ്പെട്ട കേള്‍വി ശക്തി തിരിച്ചുകൊടുക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ?. കൊലപാതകക്കേസിലെ പ്രതിയോട് പെരുമാറുന്നതിനേക്കാള്‍ ക്രൂരമായിട്ടാണ് പൊലീസുകാര്‍ പെരുമാറിയത്. ഇത്തരത്തില്‍ മര്‍ദ്ദിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയിരിക്കുന്നത്. പൊലീസുകാരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഉടന്‍ നടപടി സ്വീകരിക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ മനുഷ്യരാണോയെന്ന് സംശയമുണ്ടെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. ഇവരൊക്കെ കാട്ടാളന്മാരാണ്. വീട്ടില്‍ മക്കളും സഹോദരങ്ങളും ഉള്ളവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നുമോ? . പൊലീസിന്റെ യൂണിഫോം ഇടാന്‍ യോഗ്യതയില്ലാത്തവരാണ്. എന്തു കാട്ടാളത്തം കാണിച്ചാലും സംരക്ഷിക്കുന്ന സംവിധാനം കേരളത്തിലുണ്ട്. എന്തു വൃത്തികേട് കാണിച്ചാലും സംരക്ഷിക്കുന്ന ഭരണകൂടം ഉണ്ടെന്ന ധൈര്യത്തിലാണ് ഈ തെമ്മാടിത്തരം ചെയ്യുന്നത്.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇതുപോലുള്ള ഭീകരതയാണ് നടക്കുന്നത്. പരിശോധിച്ചാൽ അതു വ്യക്തമാകും. ആഭ്യന്തര വകുപ്പ് ഇത്തരം കാട്ടാളന്മാർക്ക് എല്ലാ പിന്തുണയും നൽകുകയാണ്. മർദ്ദനമേറ്റ സുജിത്തിന്റെ നിയമപോരാട്ടം കെപിസിസി നേരിട്ട് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. ഈ പൊലീസുകാരെ സേനയില്‍ നിന്നും പുറത്താക്കുന്നതുവരെ നിയമപോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും വിഷ്ണുനാഥ് അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates