

തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും സമരം തുടരുമെന്നും സതീശന്‍ പറഞ്ഞു.
പൊലീസിലെ ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം തുടര്‍ച്ചയായി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.
കുന്നംകുളത്തും പീച്ചിയിലും പൊലീസ് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കണ്ടിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണം. ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്ന് തുടര്‍ച്ചയായി തെളിയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates