'സൈനികനു പോലും രക്ഷയില്ല, പിണറായിയുടെ ജനകീയ സേന സിസിടിവിക്ക് മുന്നില്‍ കാശെണ്ണി വാങ്ങുന്നതു കണ്ടു'

'രാജഭരണകാലത്ത് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത രാജാവിന്റെ പടയാളികളാണ് യൂണിഫോമിട്ട പൊലീസുകാരെന്ന് കരുതിയില്ല'
Roji M John
റോജി എം ജോൺ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നു ( Roji M John )സഭ ടിവി
Updated on
2 min read

തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍. അടിയന്തര പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. 1977 മാര്‍ച്ച് 30 ന് ഈ നിയമസഭയിലെ ഒരംഗം, മുമ്പ് കേരള  നിയമസഭയില്‍ നടത്തിയ വൈകാരിക പ്രസംഗത്തിന്റെ ഒരു ഭാഗം വായിക്കാം എന്നു പറഞ്ഞാണ്, താന്‍ നേരിട്ട ക്രൂര പൊലീസ് കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച പിണറായിയുടെ പ്രസംഗം വായിച്ചത്.

Roji M John
സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്‌റ്റേ, കൃഷി വകുപ്പില്‍ നിലനിര്‍ത്താന്‍ ഉത്തരവ്

ആ അംഗം ഇന്ന് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍, അദ്ദേഹത്തിന് കീഴിലുള്ള കേരള പൊലീസ്, സുജിത്ത് എന്ന 29 കാരനെ മൃഗീയമായി തല്ലിച്ചതച്ചു എന്ന് വിശ്വസിക്കാന്‍ സാധിക്കുമോയെന്ന് റോജി എം ജോണ്‍ ചോദിച്ചു. എന്നാല്‍ ആ മൃഗീയമായ പൊലീസ് മര്‍ദ്ദനത്തിന്റെ ഭീകര സിസിടിവിദൃശ്യങ്ങള്‍ നമ്മളെല്ലാം കണ്ടു. തൃശൂര്‍ പൂരത്തിന്റെ വീഡിയോ കണ്ടിരുന്ന ചെറുപ്പക്കാരും പൊലീസും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. അവര്‍ പ്രാദേശിക നേതാവായ സുജിത്തിനെ വിളിച്ചു. ഇതേത്തുടര്‍ന്ന് സുജിത്ത് സ്ഥലത്തെത്തി.

പ്രധാനമന്ത്രിയേയും മന്ത്രിമാരെയുമൊക്കെ ചോദ്യം ചെയ്യാന്‍ അവകാശമുള്ള ഒരു ജനാധിപത്യ രാജ്യത്തില്‍, നികുതിപ്പണത്തില്‍ നിന്നും ശമ്പളം മേടിക്കുന്ന പൊലീസുകാരെ ചോദ്യം ചെയ്യാന്‍ സാധാരണ പൗരന് അവകാശമുണ്ടെന്ന് സുജിത്ത് തെറ്റിദ്ധരിച്ചുപോയി. പ്രശ്‌നം എന്താണെന്ന് സുജിത്ത് ചോദിച്ചപ്പോള്‍ നീയാരെടാ അതു ചോദിക്കാനെന്നും, നീ അധികം നേതാവു കളിക്കേണ്ട എന്നു പറഞ്ഞ് തട്ടിക്കയറി. 'രാജഭരണകാലത്ത് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത രാജാവിന്റെ പടയാളികളാണ് ഈ യൂണിഫോമിട്ട പൊലീസുകാരെന്ന് ആ പാവം കരുതിയില്ല'. റോജി എം ജോണ്‍ മുഖ്യമന്ത്രിയെ പരിഹസിച്ചു.

ദേഹത്തു തൊട്ടു കളിക്കേണ്ട, കാര്യം പറഞ്ഞാല്‍ മനസ്സിലാകുമെന്ന് പറഞ്ഞതോടെ, സുജിത്തിനെ ബലമായി പൊലീസ് ജീപ്പില്‍ കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. വാഹനത്തിലിട്ടും, പിന്നീട് സ്റ്റേഷനില്‍ കൊണ്ടുപോയും ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങള്‍ കണ്ടു. സിസിടിവി ഇല്ലാത്ത സ്ഥലത്തു കൊണ്ടുപോയും മര്‍ദ്ദിച്ചു. 45 ലേറെ തവണയാണ് അഞ്ചു പൊലീസുകാര്‍ ചേര്‍ന്ന് സ്റ്റേഷനകത്ത് മൃഗീയമായി മര്‍ദ്ദിച്ചത്. കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് കൊടുക്കാന്‍ പോലും കൂട്ടാക്കിയില്ല. സുജിത്തിനെതിരെ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടത്തിയ ക്രിമിനല്‍ സംഘമാണ് പൊലീസുകാരെന്ന് റോജി എം ജോണ്‍ പറഞ്ഞു.

സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ജനങ്ങള്‍ കണ്ടതിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ പൊലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്. മുമ്പ് സ്ഥലംമാറ്റിയെന്നാണ് പറഞ്ഞത്. ട്രാന്‍സ്ഫര്‍ ഒരു പണിഷ്‌മെന്റാണോ?. സെക്രട്ടേറിയറ്റിലെ ഒന്നാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്ക് മാറ്റിയെന്ന് പറയുന്നതു പോലെയാണത്. സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നിവര്‍ കേരള പൊലീസിന് അപമാനമാണെന്നും, ഇവരെ ഒരു നിമിഷം പോലും വൈകാതെ സേനയില്‍ നിന്നും പിരിച്ചു വിടണമെന്നും റോജി ആവശ്യപ്പെട്ടു.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വരാതിരിക്കാന്‍ പൊലീസ് എന്തൊരു പെടാപ്പാടാണ് പെട്ടത്. കേസ് ഒതുക്കി തീര്‍ക്കാന്‍ സുജിത്തിന് 20 ലക്ഷം രൂപ നല്‍കാമെന്നുവരെ പറഞ്ഞു. എന്തൊരു നാണക്കേടാണ് ഇതെല്ലാം. പീച്ചിയിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. കേസ് ഒത്തു തീര്‍ക്കാന്‍ 5 ലക്ഷം രൂപ കൊടുക്കണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. പിണറായിയുടെ ജനകീയസേന സിസിടിവിക്ക് മുന്നില്‍ കാശെണ്ണി മേടിക്കുന്നത് ജനങ്ങള്‍ കണ്ടു. അഞ്ചു ലക്ഷം മേടിച്ചപ്പോള്‍ അതില്‍ രണ്ടു ലക്ഷം പരാതിക്കാരനും മൂന്നു ലക്ഷം പൊലീസിനും. ജനകീയസേനയുടെ കമ്മീഷന്‍ 60 ശതമാനമാക്കി വര്‍ധിപ്പിച്ച പൊലീസാണ് കേരളത്തിലുള്ളത്. ആ ജനകീയസേനയ്ക്ക് നേതൃത്വം കൊടുത്ത എസ്‌ഐ രതീഷിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം കൊടുത്ത സര്‍ക്കാരും ആഭ്യന്തര വകുപ്പുമാണ് ഇപ്പോഴുള്ളതെന്ന് റോജി എം ജോണ്‍ പറഞ്ഞു.

Roji M John
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നത്'; തുടക്കം തന്നെ രാഹുലിന് ട്രോള്‍, ആരോഗ്യമന്ത്രിക്കു ഭരണപക്ഷത്തിന്‍റെ കൈയടി

കുണ്ടറയിലെ തോംസണ്‍ തങ്കച്ചന്‍ എന്ന സൈനികന്റെ മരണം പൊലീസ് മര്‍ദ്ദനം മൂലമാണെന്ന് മാതാവ് പരാതിപ്പെട്ടിട്ടുണ്ട്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സാക്ഷിയുള്ള ഒരാള്‍ക്കും കേട്ടിരിക്കാന്‍ കഴിയില്ല. സ്റ്റേഷനില്‍ ലോക്കപ്പിനകത്ത് കെട്ടിത്തൂക്കി പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കാലില്‍ മെഴുകുതിരി ഉരുക്കിയൊഴിച്ചു. കാലില്‍ ഷോക്കടിപ്പിച്ചു. ക്രൂരമായി മര്‍ദ്ദിച്ചശേഷം പഞ്ചസാര വെള്ളത്തില്‍ ഉപ്പു കലക്കി നിര്‍ബന്ധമായി കുടിപ്പിച്ചു. ആ മനുഷ്യന്‍ ജീവിച്ചിരിക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് പൊലീസുകാര്‍ പെരുമാറിയത്. ഒരുവില്‍ ആ സൈനികന് മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഒന്നും മറച്ചു വെക്കാനില്ലാത്ത ആഭ്യന്തര വകുപ്പ് ആണെങ്കില്‍ ആ കുണ്ടറ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആ അമ്മയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിടുമോയെന്നും റോജി ചോദിച്ചു. പേരൂര്‍ക്കട വ്യാജമാലമോഷണക്കേസില്‍ ദലിത് യുവതി ബിന്ദു നേരിട്ട പൊലീസിന്റെ ക്രൂരപീഡനവും റോജി സഭയില്‍ ഉന്നയിച്ചു.

പൊലീസ് എന്ത് കൊള്ളരുതായ്മ ചെയ്താലും ഒറ്റപ്പെട്ട സംഭവമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് പൊലീസിന്റെ ഈ അധഃപതനത്തിന് കാരണമെന്ന് റോജി എം ജോൺ എംഎൽഎ വിമർശിച്ചു. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാൺ ഇനിയെങ്കിലും മുഖ്യമന്ത്രി ഏറ്റെടുക്കണം. അല്ലെങ്കിൽ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ഏറ്റവും കൂടുതൽ കാലം നിയന്ത്രിച്ചുവെന്ന ഖ്യാതി പി ശശിക്കും, വകുപ്പിനെ ആരോഗ്യവകുപ്പ്, വനംവകുപ്പ് എന്നിവയേക്കാൾ മോശമാക്കിയെന്നുള്ള അപഖ്യാതി മുഖ്യമന്ത്രിക്കും ലഭിക്കുമെന്നും റോജി എം ജോൺ പരിഹസിച്ചു. പൊലീസ് ക്രൂരതകളെക്കുറിച്ച് പറയുമ്പോൾ, ഇതെല്ലാം പൊലീസിനെ അപമാനിക്കാനും പൊലീസിന്റെ ആത്മവീര്യം തകർക്കാനുമാണെന്നുള്ള മുഖ്യമന്ത്രിയുടെ ക്ലിഷേ മറുപടി പറയരുതെന്നും റോജി എം ജോൺ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡി മർദ്ദനങ്ങളിൽ നിയമസഭയിൽ രണ്ടു മണിക്കൂർ ചർച്ചയാണ് അനുവദിച്ചിട്ടുള്ളത്.

Summary

The opposition has strongly criticized the police for the custodial torture.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com