'രാഷ്ട്രീയ നാടകം, ബിജെപിയെ അപമാനിക്കാന്‍ ശ്രമം'; കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരായി

വന്‍ സുരക്ഷാ സന്നാഹമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിനോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്
കെ സുരേന്ദ്രന്‍ തൃശൂര്‍ പൊലീസ് ക്ലബിലേക്ക് എത്തുന്നു/ടെലിവിഷന്‍ ചിത്രം
കെ സുരേന്ദ്രന്‍ തൃശൂര്‍ പൊലീസ് ക്ലബിലേക്ക് എത്തുന്നു/ടെലിവിഷന്‍ ചിത്രം
Updated on
1 min read

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തൃശൂര്‍ പൊലീസ് ക്ലബിലെത്തി. വന്‍ സുരക്ഷാ സന്നാഹമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിനോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.

രാവിലെ പതിനൊന്നോടെയാണ് സുരേന്ദ്രന്‍ പൊലീസ് ക്ലബില്‍ എത്തിയത്. ഒട്ടേറെ ബിജെപി നേതാക്കള്‍ പൊലീസ് ക്ലബ് പരിസരത്ത് എത്തിയിട്ടുണ്ട്. കേസ് രാഷ്ട്രീയ നാടകമാണെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ബിജെപിയെ അപമാനിക്കുകയാണ് ലക്ഷ്യം. കേസില്‍ പരാതിക്കാരനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പരാതിക്കാരനെ ആരെല്ലാം വിളിച്ചു എന്നാണ് പരിശോധിക്കുന്നത്. ഇങ്ങനെ ഒരു അന്വേഷണം എവിടെയെങ്കിലും ഉണ്ടോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. 

പരാതിക്കാരനായ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പലതവണ ഫോണില്‍ സംസാരിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനു ഹാജരാവാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. ആദ്യം അന്വേഷണ സംഘം നല്‍കിയ നോട്ടിസ് സ്വീകരിച്ചെങ്കിലും കാസര്‍കോട് പാര്‍ട്ടി യോഗം നടക്കുന്നതിനാല്‍ ഹാജരാകില്ലെന്നു സുരേന്ദ്രന്‍ അറിയിച്ചിരുന്നു. രണ്ടാമതു നല്‍കിയ നോട്ടിസ് പ്രകാരമാണ് ഇന്നു ഹാജരാകുന്നത്.

ഏപ്രില്‍ മൂന്നാം തിയതി പുലര്‍ച്ചയാണ് കൊടകര മേല്‍പ്പാലത്തിന് സമീപത്തുനിന്ന് പണമടങ്ങിയ കാര്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. മൂന്നരക്കോടി കവര്‍ന്നെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബിജെപിയെത്തിച്ച ഫണ്ടാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com