

മലപ്പുറം: പെട്രോളടിച്ച് സ്‌കാനര്‍ വഴി വലിയ തുക അയച്ച് നല്‍കി, ബാക്കി തുക പണമായി വാങ്ങി മുങ്ങുന്ന സംഘത്തിലെ കണ്ണികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടുങ്ങല്‍ ദക്ഷ പമ്പിലാണ് ഇക്കഴിഞ്ഞ ഒന്നാം തീയതി പുതിയ തട്ടിപ്പ് രീതി. രണ്ട് യുവാക്കള്‍ പെട്രോള്‍ അടിക്കാനെന്ന വ്യാജേന എത്തുകയും തുടര്‍ന്ന് കയ്യില്‍ പണമില്ലെന്നും സ്‌കാനര്‍ സുഹൃത്തിന് അയച്ച് നല്‍കി പണം അയപ്പിക്കാം എന്നും പറഞ്ഞ് സ്‌കാനര്‍ മറ്റൊരാള്‍ക്ക് അയച്ച് നല്‍കി പണം അയപ്പിക്കുകയും ചെയ്തു.
എന്നാല്‍ അയച്ച തുക 500ന് പകരം 50,000 രൂപയെന്ന് മാറിപ്പോയെന്ന് യുവാക്കള്‍ അറിയിച്ചു. അക്കൗണ്ട് പരിശോധിച്ചപ്പോള്‍, 50,000 രൂപ എത്തിയെന്ന് കണ്ടതോടെ ബാക്കി 49,500 രൂപ പണമായി കൈയില്‍ നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം അക്കൗണ്ട് ഫ്രീസ് ആയതോടെ പമ്പ് ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് സംബന്ധിച്ച വിവരം ഉടമ അറിയുന്നത്.
പെട്രോള്‍ പമ്പുകള്‍ വഴി കുഴപ്പണ ഇടപാടിന് നീക്കം നടത്തുന്നതായാണ് സംശയം. തട്ടിപ്പ് സംഘത്തില്‍പ്പെട്ടവര്‍ പമ്പുകളില്‍ എത്തി ചെറിയ തുകയ്ക്ക് (ഉദാഹരണത്തിന് 500 രൂപയ്ക്ക്) പെട്രോള്‍ അടിക്കുന്നു. പണം ഡിജിറ്റലായി അടയ്ക്കാനെന്ന വ്യാജേന പമ്പിലെ യുപിഐ ക്യുആര്‍ കോഡിന്റെ ഫോട്ടോ എടുക്കുന്നു. ഈ ചിത്രം രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ കൂട്ടാളികള്‍ക്ക് അയച്ചുകൊടുക്കുന്നു.
അവിടെ നിന്ന് ഈ പമ്പ് അക്കൗണ്ടിലേക്ക് വലിയ തുകകള്‍ (40,000 അല്ലെങ്കില്‍ 50,000 രൂപ) ഒരുമിച്ച് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നു. തുടര്‍ന്ന് പമ്പുടമയോട് 500 രൂപയ്ക്ക് പകരം അബദ്ധത്തില്‍ വലിയ തുക അയച്ചുപോയതാണെന്ന് പറഞ്ഞ്, പെട്രോള്‍ അടിച്ച തുക കഴിച്ച് ബാക്കി തുക മുഴുവന്‍ പമ്പില്‍ നിന്ന് പണമായി തിരികെ വാങ്ങുന്നു. സംശയാസ്പദമായ ഇടപാടെന്ന് പറഞ്ഞാണ് പല പമ്പുകളുടെയും അക്കൗണ്ട് ഫ്രീസ് ആയത്. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates