

തിരുവനന്തപുരം: പൊള്ളാച്ചി ടോപ് സ്ലിപ്പ് ഭാഗത്തു ട്രക്കിങിനു എത്തിയ മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചാത്തൻപാറ പൂന്തോട്ടത്തിൽ ഡോ. അജ്സൽ എ സൈൻ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തയ്യിബ് രാജിന് പൊള്ളാച്ചി ആശുപത്രിയിൽ ചികിത്സ നൽകി. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ഫോർ കോസ്റ്റൽ ഏരിയ ചെയർമാൻ എ സൈനുലാബുദ്ദീന്റെ മകനാണ് അജ്സൽ.
തിരുവനന്തപുരത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ അജ്സൽ സുഹൃത്തിനൊപ്പം തമിഴ്നാട് ട്രിക്കിങ് ടൂറിസം പദ്ധതിയിൽ രജിസ്റ്റർ ചെയ്താണ് ആനമല കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പ്- പണ്ടാരവരെ- കരിയൻചോല- സെക്ഷനിൽ ട്രക്കിങിനു എത്തിയത്. ഗൈഡുമാരുടെ സഹായത്തോടെ ട്രക്കിങ് പൂർത്തിയാക്കിയ ഇരുവരും വൈകീട്ട് നാലരയോടെയാണ് ടോപ് സ്ലിപ്പിലെത്തിയത്.
കുറച്ചു നേരം വിശ്രമിക്കാനായി ഇരുന്ന അജ്സൽ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നുവെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. ഉടനെതന്നെ വനം വകുപ്പിന്റെ ആംബുലൻസിൽ വേട്ടക്കാരൻപുതൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്സലിന്റെ വീട്ടുകാരുടെ പരാതിയിൽ ആനമല പൊലീസ് കേസെടുത്തു. മൃതദേഹം ഇന്നലെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
കെഎം അനീസ ബീവി (റിട്ട. പ്രധാനധ്യാപിക)യാണ് അജ്സലിന്റെ മാതാവ്. സഹോദരൻ: ഡോ. അജ്മൽ എ സൈൻ. കബറടക്കം ഇന്ന് രാവിലെ ഒൻപതിന് കടുവയിൽ പള്ളി കബർസ്ഥാനിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates