

കൊച്ചി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2026 അവസാനമോ, 2027ലോ ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഡിസംബര്‍ 15ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തിലുള്ള സിറോ മലബാര്‍ സഭയുടെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യം മാര്‍പാപ്പ അറിയിച്ചു. എന്നാല്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സ്ഥീരികരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ട്.
മാര്‍പാപ്പ രാഷ്ട്രത്തലവന്‍ കൂടിയായതിനാല്‍ പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രത്തലവനാണ് അദ്ദേഹത്തെ ക്ഷണിക്കേണ്ടത്. 2024 ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 2021-ലെ വത്തിക്കാന്‍ സന്ദര്‍ശന വേളയിലും അദ്ദേഹം ഇത്തരമൊരു ക്ഷണം നടത്തിയിരുന്നു. എന്നാല്‍ പുതിയ മാര്‍പ്പാപ്പ ചുമതലയേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ ഔദ്യോഗിക ക്ഷണിക്കേണ്ടതുണ്ട്.
'ഇന്ത്യ സന്ദര്‍ശനത്തിനായി താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മാര്‍പ്പാപ്പ അറിയിച്ചിട്ടുണ്ട്. ഇനി കേന്ദ്ര സര്‍ക്കാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. സന്ദര്‍ശനം നടക്കുകയാണെങ്കില്‍ അദ്ദേഹം കേരളവും സന്ദര്‍ശിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ തൊട്ടിലായ കേരളത്തെ ഒഴിവാക്കി ഒരു മാര്‍പ്പാപ്പയ്ക്കും ഇന്ത്യ സന്ദര്‍ശിക്കാനാകുമെന്ന് കരുതുന്നില്ല. മാര്‍പ്പാപ്പയാകുന്നതിന് മുമ്പ് ലിയോ പതിനാലാമന്‍ മൂന്ന് തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. കൊച്ചി, ആലുവ, വരാപ്പുഴ എന്നിവിടങ്ങളില്‍ അദ്ദേഹം എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ മണ്ണുമായി അദ്ദേഹത്തിന് വൈകാരികമായ ഒരു ബന്ധമുണ്ട്,' സിറോ മലബാര്‍ സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇന്ത്യ സന്ദര്‍ശിച്ച ആദ്യ മാര്‍പ്പാപ്പ 1964-ല്‍ മുംബൈയിലെത്തിയ പോള്‍ ആറാമനായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1986 ഫെബ്രുവരിയില്‍ കേരളം സന്ദര്‍ശിക്കുകയും സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെയും കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും അദ്ദേഹം എത്തിയിരുന്നു. 1999 നവംബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ വീണ്ടും ഇന്ത്യയിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates