'വിഷമഘട്ടത്തില്‍ ഞാനടക്കമുള്ളവര്‍ ഓടിയെത്തുന്നു; ഗുരുവായൂരപ്പനെ തൊഴുതാല്‍ ലഭിക്കുന്ന പോസിറ്റീവ് എനര്‍ജി അപാരം'

ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ഈ അനുഭവം ലഭിക്കണമെന്ന് മന്ത്രി പറഞ്ഞു
k muraleedharan
കെ മുരളീധരന്‍
Edited By:
Updated on
1 min read

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ഭഗവാനെ തൊഴുതാല്‍ ലഭിക്കുന്ന പോസിറ്റീവ് എനര്‍ജി അപാരമാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന താനടക്കമുള്ളവര്‍ പലവിധ വിഷമഘട്ടങ്ങളില്‍ പെട്ടാല്‍ ഓടിയെത്തുന്നത് ഗുരുവായൂരപ്പന്റെ സന്നിധിയിലാണ്. ഭഗവാനെ തൊഴുത് മടങ്ങുന്നതോടെ പോസിറ്റിവ് എനര്‍ജിയാകും. അങ്ങനെയുള്ള സാഹചര്യത്തില്‍ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ഈ അനുഭവം ലഭിക്കണമെന്ന് മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രം തെക്കേ നടയില്‍ പുതുതായി നിര്‍മ്മിച്ച ഗുരുവായൂരപ്പന്‍ സ്റ്റേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി സര്‍ക്കാരുമായി പൂര്‍ണ സഹകരണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാസത്തോടെ കാലാവധി പൂര്‍ത്തിയാക്കുന്ന ഭരണ സമിതി അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. അവരുടെ സേവനം നല്ല നിലയില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരില്‍ ഭക്തര്‍ക്ക് സുഖദര്‍ശനമൊരുക്കാന്‍ തുടങ്ങിയ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശന ക്രമീകരണത്തിന്റെ ആദ്യ പരീക്ഷണം തന്നെ വിജയം കണ്ടു. ഇക്കാര്യത്തില്‍ മന്ത്രിസഭാംഗങ്ങള്‍ തന്നെ നേരിട്ട് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ക്ഷേത്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നടപടിയായി. ഏറ്റെടുക്കുന്ന ഭൂമി ഭക്തജനങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കും. ദേവസ്വം ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. അടിയന്തിര ഘട്ടത്തില്‍ മികച്ച ചികിത്സ ഉറപ്പ് വരുത്തും. ഭക്തജനങ്ങളോട് നല്ല രീതിയില്‍ പെരുമാറാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.

ക്ഷേത്ര ജീവനക്കാര്‍ക്ക് നല്ല രീതിയില്‍ ഭക്തരോട് ഇടപെടാന്‍ കഴിയണം. ഗുരുവായൂരില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പൂര്‍ണ ഭക്തനെന്ന് തനിക്ക് ഉറപ്പുള്ളവരെ മാത്രമേ ഇവിടെ അഡ്മിനിസ്ട്രറ്റര്‍ ആയി നിയമിക്കൂ എന്നും മുരളീധരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com