

കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനം തുടരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും.
തുടർന്ന് റോഡ് മാർഗം രാഷ്ട്രപതി 11.55ന് കോളജിലെത്തും. സെന്റ് തെരേസാസ് കോളജിലെ ചടങ്ങിനു ശേഷം 1.20ന് രാഷ്ട്രപതി നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തും. തുടർന്ന് ഹെലികോപ്റ്ററിൽ 1.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് 1.55നുള്ള പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിപ്പോകും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നേവൽബേസ് – തേവര- എംജി റോഡ്- ജോസ് ജംഗ്ഷൻ - BTH -പാർക്ക് അവന്യൂ റോഡ്- മേനക - ഷൺമുഖം റോഡ്- തുടങ്ങിയ ഭാഗങ്ങളിലാണ് നിയന്ത്രണം. പത്ത് മണി മുതൽ ഉച്ചയ്ക്ക് 2 വരെയാണ് നിയന്ത്രണം.
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ ശിവഗിരിയിലെയും പാലായിലെയും പരിപാടികൾക്കുശേഷം കുമരകത്തെ താജ് റിസോർട്ടിലാണു രാഷ്ട്രപതി താമസിച്ചത്. രാജ്ഭവനിൽ 2 ദിവസം താമസിച്ച രാഷ്ട്രപതിക്ക് അയ്യപ്പവിഗ്രഹം സമ്മാനിച്ചാണു ഗവർണർ രാജേന്ദ്ര ആർലേക്കർ യാത്രയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
