തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാരിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.
രാത്രി പത്തു മുതൽ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ പൊതുയോഗവും ജാഥയും നടത്തരുത്. സർക്കാർ അതിഥി മന്ദിരങ്ങളിലോ സമാനമായ മറ്റ് സർക്കാർ സ്ഥാപനങ്ങളിലോ തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താനോ തെരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കാനോ പാടില്ല. സർക്കാരിന്റെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളിൽ യോഗങ്ങൾ നടത്താൻ അനുവദിക്കുകയാണെങ്കിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകണം.
ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലോ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും താൽക്കാലിക ഓഫീസുകൾ സ്ഥാപിക്കരുത്. ഇവ പഞ്ചായത്തിൽ പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റർ പരിധിയിലും നഗരസഭാ സ്ഥാപനങ്ങളിൽ 100 മീറ്റർ പരിധിയിലും പ്രവർത്തിപ്പിക്കരുത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളോ (സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ്) അവയുടെ കളിസ്ഥലമോ രാഷ്ട്രീയ കക്ഷികൾക്ക് റാലിക്കോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കരുത്. പൊതുസ്ഥലത്ത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാവുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates